
പാലക്കാട്: പ്ലാച്ചിമട ട്രിബ്യൂണൽ ബിൽ നടപ്പാക്കി ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സമരം കടുപ്പിക്കാനൊരുങ്ങി പ്ലാച്ചിമട സമര സമിതി. സംസ്ഥാന സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാരോപിച്ച് ജലവിഭവ വകുപ്പുമന്ത്രിയുടെ വസതിയിലേക്ക് സമരസമിതി തിങ്കളാഴ്ച പ്രതിഷേധ മാർച്ച് നടത്തും.
ഒരിടവേളക്ക് ശേഷമാണ് പ്ലാച്ചിമട വീണ്ടും സമരരംഗത്തേക്കെത്തുന്നത്. കുടിവെളളവും ജീവിതോപാധികളും ഇല്ലാതാക്കിയ കമ്പനിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സമര സമിതി പ്രക്ഷോഭം കടുപ്പിക്കുന്നത്. പ്ലാച്ചിമടക്കാരുടെ കുടിവെളളം മുട്ടിച്ചത് കൊക്കക്കോള കമ്പനിയെന്ന് 2009-ൽ സംസ്ഥാന സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി കണ്ടെത്തിയിരുന്നു.
പ്രദേശവാസികൾക്ക് 216കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയിൽ നിന്നും ഈടാക്കാമെന്ന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 2011-ൽ നിയമസഭ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ല് പാസ്സാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുകയും ചെയ്തു. എന്നാൽ വ്യക്തതക്കുറവിന്റെ പേരിൽ ബില്ല് മടക്കി അയച്ചു. ഇതിൻ മേൽ വ്യക്തത വരുത്താൻ ഇപ്പോഴും സംസ്ഥാന സർക്കാർ തയ്യാറാവാത്തതിലാണ് പ്രതിഷേധമെന്ന് സമരസമിതി അധ്യക്ഷൻ വിളയോടി വേണുഗോപാൽ പറഞ്ഞു.
ഇതിനിടെ, പ്ലാച്ചിമടയിൽ കൊക്കക്കോളകമ്പനി സിഎസ്ആർ ഫണ്ടുപയോഗിച്ച് പുതിയ സംരംഭം തുടങ്ങാൻ ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. കൊക്കക്കോളയുടെ പേരിൽ ജീവകാരുണ്യ പ്രവർത്തനം പോലും വേണ്ടെന്നും കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നുമാണ് പ്ലാച്ചിമടക്കാരുടെ നിലപാട്. അതേസമയം, രാഷ്ട്രപതി മടക്കി അയച്ചതോടെ, കൂടുതൽ സമഗ്രതക്ക് വേണ്ടി നിയമോപദേശം കാത്തിരിക്കുകയാണെന്നാണ് സർക്കാർ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam