വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ദിനേഷിനെ ചിറയിൻകീഴിൽ വെച്ച് മൂന്നംഗ സംഘം ആക്രമിച്ചു. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ അക്രമിച്ച പ്രതികൾ അറസ്റ്റിൽ. മന്ത്രി വി. ശിവന്‍കുട്ടിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ദിനേഷിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കരവാരം സ്വദേശി അഖിലേഷ് (25),ആറ്റിങ്ങൽ വേളാർക്കുടി സ്വദേശി ജയരാജ് (35),കിഴുവിലം സ്വദേശി വ്യാസൻ (32) എന്നിവരെയാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ ചിറയിന്‍കീഴ് റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം.

Add Asianetnews as a Preferred SourcegooglePreferred

വീടിനുള്ളില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങുമ്പോഴാണ് മൂന്നംഗ സംഘം തട്ടിക്കയറുകയും മർദിക്കുകയും ചെയ്തത്. മദ്യലഹരിയിലായിരുന്ന സംഘം ദിനേഷിനെ ഇരുമ്പ് വടി കൊണ്ട് തലയിൽ അടിച്ചിരുന്നു. അടിയേറ്റ് തറയിൽ വിണ ദിനേഷിനെ ചവിട്ടുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്‌തു. പരിക്കേറ്റ ദിനേഷ് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ ചിറയിൻകീഴ് പൊലീസ് പിടികൂടി. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും പൊലീസ് അറിയിച്ചു.