പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്ത സംഭവം; നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ഹൈക്കോടതിയെ സമീപിച്ചു, നടപടിയെ ന്യായീകരിച്ച് കെഎസ്ആർടിസി

Published : Oct 15, 2025, 05:19 PM IST
ksrtc ganesh

Synopsis

ഹൈക്കോടതിയിൽ അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെഎസ്ആർടിസി രംഗത്തെത്തി. ജീവനക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിക്കുന്നത് ചൂണ്ടിക്കാട്ടാന്‍ മന്ത്രിക്ക് അധികാരമുണ്ടെന്നും കെഎസ്ആർടിസി ന്യായീകരിക്കുന്നു.

കൊച്ചി: പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ ഗതാഗതമന്ത്രിയുടെ നിർദേശം പ്രകാരം നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ഹൈക്കോടതിയെ സമീപിച്ചു. പൊൻകുന്നത്തുനിന്ന് പുതുക്കാട്ടേക്ക് സ്ഥലം മാറ്റിയ സംഭവത്തില്‍ ഡ്രൈവർ ജെയ്മാൻ ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെഎസ്ആർടിസി രംഗത്തെത്തി. ഡ്രൈവർ ജെയ്മോൻ ജോസഫിനെ പൊൻകുന്നത്തുനിന്ന് പുതക്കാടേക്ക് സ്ഥലം മാറ്റിയതിൽ അപാകതയില്ല. ഡ്രൈവറുടെ സ്ഥലംമാറ്റം അച്ചടക്ക നടപടിയുടെ ഭാഗമാണ്, ജീവനക്കാര്‍ക്ക് നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍ പാലിച്ചില്ല, ബസ് വൃത്തിയായി സൂക്ഷിക്കണം എന്ന നിർദേശം പാലിച്ചില്ല, യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും കെഎസ്ആർടിസി ന്യായീകരിച്ചു.

ജീവനക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിക്കുന്നത് ചൂണ്ടിക്കാട്ടാന്‍ മന്ത്രിക്ക് അധികാരമുണ്ടെന്നും കെഎസ്ആർടിസി ന്യായീകരിക്കുന്നു. സംഭവത്തില്‍ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശിച്ചു. പൊൻകുന്നത്ത് നിന്ന് ജയ്മോനെ വിടുതൽ ചെയ്തെങ്കിലും പുതുക്കാട്ട് ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും കെഎസ്ആർടിസിക്ക് ഹൈക്കോടതി നി‍ർദേശം നല്‍കി. ബസിന് മുന്നിൽ ‍ഡ്രൈവർ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗതാഗതമന്ത്രി ഗണേഷ് കുമാർ നടപടിയ്ക്ക് നിർദേശിച്ചിരുന്നത്. ജയ്മോനടക്കം മൂന്ന് ജീവനക്കാർക്കെതിരെ നടപടി എടുക്കാനായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ജയ്മോൻ ജോസഫിനെ പുതുക്കാടേക്ക് സ്ഥലം മാറ്റിയിരുന്നു. വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലയുള്ള ഡ്രൈവറെയും സ്ഥലം മാറ്റിയിരുന്നു.

മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന

കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കൊല്ലം ആയൂരിൽ വെച്ചായിരുന്നു സംഭവം. ബസിൻ്റെ മുൻവശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ മന്ത്രി തടഞ്ഞു നിർത്തി. ബസിൻ്റെ മുന്നിൽ കിടന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് ജീവനക്കാരെ പരസ്യമായി ശകാരിച്ചു. ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരിക്കലും കെഎസ്ആര്‍ടിസി ബസുകള്‍ ഇങ്ങനെ വൃത്തികേടാക്കരുതെന്നും പൊതുഗതാഗത സംവിധാനമാണെന്നും ജീവനക്കാരോട് പറഞ്ഞാണ് മന്ത്രി മടങ്ങിപ്പോയത്.

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ