ബാലാവകാശ കമ്മിഷൻ ചെയർമാൻ നിയമനത്തിനെതിരെ ഹർജി, ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

By Web TeamFirst Published Jul 1, 2020, 3:33 PM IST
Highlights

ബാലാവകാശ കമ്മിഷൻ അംഗമാകാൻ അപേക്ഷിച്ച അഭിഭാഷകനായ പ്രശാന്ത് രാജൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി. ബാലാവകാശ കമ്മിഷൻ അംഗമാകാൻ അപേക്ഷിച്ച അഭിഭാഷകനായ പ്രശാന്ത് രാജൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി സ്വീകരിച്ച കോടതി കേസിൽ സർക്കാരിന്റെ വിശദീകരണം തേടി.

ബാലാവകാശ കമ്മീഷ അധ്യക്ഷ സ്ഥാനത്ത് സിപിഎം നോമിനി കെ വി മനോജ് കുമാറിനെ നിയമിച്ച നടപടി വലിയ വിവാദമായിരുന്നു. സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ നേതൃത്വം നൽകിയ അഭിമുഖ പാനലാണ് യോഗ്യരെ മറികടന്ന് മനോജിനെ ഒന്നാമനാക്കിയത്. പിന്നാലെ മന്ത്രിസഭാ അംഗീകാരവും ലഭിക്കുകയായിരുന്നു. 

ജില്ലാ ജഡ്‍ജിമാരെ അടക്കം മറികടന്നാണ് തലശേരി ബ്രണ്ണൻ കോളേജിലെ മുൻ പിടിഎ പ്രസിഡന്റിനെ സർക്കാർ നിയമിച്ചത്. പോക്സോ വിധികളിലൂടെ ശ്രദ്ധേയനായ കാസർകോട് ജില്ലാ ജഡ്‍ജി എസ് എച്ച് പഞ്ചാപകേശൻ, മറ്റൊരു ജഡ്‍ജി ടി ഇന്ദിര ഒപ്പം അരഡസൻ ബാലാവകാശ പ്രവർത്തകരെയും തഴഞ്ഞാണ് യോഗ്യതയിൽ പിന്നിൽ നിന്ന കെ വി മനോജ് കുമാറിനെ നിയമിച്ചത്. 

ചെയര്‍മാനായി തിരഞ്ഞെടുത്തത് യോഗ്യനായിട്ടുള്ള ആളെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. മനോജ് പരമയോഗ്യനായ ആളാണ്. നല്ലരീതിയില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പറ്റും. നല്ല ചുറുചുറുക്കുള്ള ആളാണ്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനം. അപേക്ഷ ക്ഷണിച്ച്, ക്വാളിഫൈഡ് ആയവരെ ഇന്‍റര്‍വ്യൂ ചെയ്‍ത് യോഗ്യനായ ആള്‍ക്ക് നിയമനം നൽകി. ഇന്‍റര്‍വ്യൂ ബോര്‍ഡിന് യോഗ്യരായി തോന്നിയവരെയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

യോഗ്യത തീരുമാനിക്കേണ്ടവര്‍ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു മനോജ് കുമാറിന്‍റെ വിശദീകരണം. ചുമതല നല്‍കിയവര്‍ക്ക് താന്‍ ജോലി ചെയ്യും എന്ന ബോധ്യമുണ്ട്. ബാലാവകാശ രംഗത്തെ മുൻ പരിചയത്തെക്കുറിച്ച് പ്രതികരിക്കേണ്ടതില്ല. മുഖ്യമന്ത്രിയുമായുള്ള ബന്ധം കൊണ്ടല്ല നിയമനം. പിടിഎ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച മുന്‍പരിചയമുണ്ടെന്നും മനോജ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!