കൊച്ചിയിൽ പുലർച്ചെ വരെ ഡിജെ അനുവദിക്കണമെന്ന് ഹോട്ടലിന്‍റെ ഹർജി; പറ്റില്ല, സുരക്ഷയാണ് മുഖ്യമെന്ന് പൊലീസ്

Published : Jul 07, 2026, 03:04 PM IST
college dj party

Synopsis

കൊച്ചിയിലെ രാത്രികാല ഡിജെ പാര്‍ട്ടികള്‍ക്കെതിരെ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിജെയുടെ മറവില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നുവെന്നും 2023 മുതല്‍ 27 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൊച്ചി: കൊച്ചി നഗരത്തിലെ രാത്രികാല ഡിജെ പാര്‍ട്ടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട്. ഡിജെയുടെ മറവില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നുവെന്നും പൊതുസുരക്ഷയാണ് മുഖ്യമെന്നും പൊലീസ് പറയുന്നു. 2023 മുതല്‍ 27 ക്രിമിനല്‍ കേസുകള്‍ ഡിജെ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കണക്കും പൊലീസിന്‍റെ റിപ്പോർട്ടിലുണ്ട്. പുലർച്ചെ മൂന്ന് വരെ ഡിജെ നടത്താന്‍ അനുവദിക്കണമെന്ന റാഡിസന്‍ ബ്ലൂ ഹോട്ടലിന്‍റെ ഹർജിയെ എതിർത്താണ് പൊലീസ് റിപ്പോർട്ട്.

വൈറ്റില റാഡിസന്‍ ബ്ലൂ ഹോട്ടല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇങ്ങനെ ആവശ്യപ്പെടുന്നു- രാത്രി മൂന്ന് മണിവരെ ബാര്‍ പ്രവര്‍ത്തിപ്പിക്കാനും ഡിജെ പാര്‍ട്ടികള്‍ നടത്താനും അനുവദിക്കണം, അടുത്ത കാലത്ത് നഗര പരിധിയില്‍ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിച്ചുകൊണ്ടു പൊലീസിറക്കിയ നോട്ടീസുകള്‍ പൂര്‍ണമായും റദ്ദാക്കണം. ഈ ആവശ്യത്തെ എതിര്‍ത്താണ് ഇതേ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്ക് പിന്നാലെ റജിസ്റ്റര്‍ ചെയ്ത കേസുകളടക്കം ചേര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട്.

ബാര്‍ പുലര്‍ച്ചെ 3 വരെ പ്രവര്‍ത്തിക്കുന്നതിനെ പൊലീസ് എതിര്‍ക്കുന്നില്ല. എന്നാല്‍ രാത്രി 11 ന് ശേഷമുള്ള ഡിജെ പാര്‍ട്ടികളും ഉച്ചത്തിലുള്ള സംഗീതവും നിയന്ത്രിക്കണം. പൊതുജന പരാതികളും ശബ്ദമലിനീകരണവും ലഹരി ഉപയോഗവും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും ട്രാഫിക്കും പൊതുസമാധാനത്തെ ബാധിക്കുന്ന പ്രശ്നങ്ങളുമടക്കം അക്കമിട്ട് നിരത്തിയാണ് ഡിജെയെ എതിര്‍ക്കുന്നത്.

എഫ് എല്‍ 3 ബാര്‍ ലൈസന്‍സ് മദ്യ വിളമ്പാനും ഭക്ഷണം നല്‍കാനുമുള്ളതാണ്, രാത്രി മുഴുവന്‍ ഡിജെ നടത്താനുള്ള അവകാശമല്ല. കേരളാ പൊലീസ് ആക്ട് പ്രകാരം ഇടപെടാന്‍ അധികാരമുണ്ട്. നേരത്തെ മൂന്ന് ഡിജെ വേദികള്‍ മാത്രമായിരുന്നു കൊച്ചിയിലുണ്ടായിരുന്നത്. ഇന്ന് 34 ലധികം ഇടങ്ങളില്‍ രാത്രികാല ഡിജെയുണ്ട്. 15,00 മുതല്‍ 6000 രൂപവരെയാണ് പ്രവേശന ഫീസ്, 20,000 രൂപ വരെ ടേബിള്‍ ബുക്കിങ്ങിന് കൊടുക്കണം. 2023 മുതല്‍ ഡിജെ പരിപാടികളുമായി ബന്ധപ്പെട്ട് 27 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2021ല്‍ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്ക് ശേഷം നടന്ന അപകടം, 2023ല്‍ ഡിജെ പാര്‍ട്ടിക്കിടെ ഒലിവ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ നിന്നുയര്‍ന്ന ലൈംഗികാതിക്രമക്കേസ്, ഗോവയിലെ നൈറ്റ് ക്ലബിലുണ്ടായി തീപിടുത്തം- ഇതെല്ലാം ഓര്‍മിപ്പിക്കുന്നു പൊലീസ്. റാഡിസന്‍ ബ്ലൂവില്‍ നടന്ന അടിപിടിക്കേസ്, പ്രമുഖര്‍ അറസ്റ്റിലായ റേവ് പാര്‍ട്ടി റെയ്ഡ് കേസ്, ഡിജെ പാര്‍ട്ടിക്കിടെ നടന്ന അക്രമങ്ങളെ തുടര്‍ന്നെടുത്ത കേസ്, കഴിഞ്ഞ 4 മാസത്തിനിടെ നല്‍കിയ 3 നോട്ടീസുകള്‍ ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വിഴിഞ്ഞം ചെറിയ മീനല്ല, തുറമുഖ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് സദുദ്ദേശപരമാണെങ്കിൽ നല്ലത്'; ഇതാണ് സുവർണാവസരമെന്ന് ഷോണ്‍ ജോർജ്
വയനാട് മണ്ണിടിച്ചിൽ; മരണസംഖ്യ ഉയരുന്നു, മണ്ണിനടിയിൽ എത്ര പേർ കുടുങ്ങിയെന്ന് അവ്യക്തം, മന്ത്രിമാർ ജില്ലയിലേക്ക് പുറപ്പെട്ടു