ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് റദ്ദാക്കണമെന്ന് ആവശ്യം; ജീവനക്കാരുടെ സംഘടനകൾ ഹൈക്കോടതിയിൽ

By Web TeamFirst Published May 4, 2020, 1:36 PM IST
Highlights

ശമ്പളം ഭരണഘടന നൽകുന്ന അവകാശമാണ്. ഇത്തരമൊരു ഓർഡിനൻസിലൂടെ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ തടയാനാകില്ലെന്നും ഹർജിയിൽ വാദിക്കുന്നു

കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. ഓർഡിനൻസ് നിയമപരമല്ലെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

ശമ്പളം ഭരണഘടന നൽകുന്ന അവകാശമാണ്. ഇത്തരമൊരു ഓർഡിനൻസിലൂടെ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ തടയാനാകില്ലെന്നും ഹർജിയിൽ വാദിക്കുന്നു. എൻജിഒ അസോസിയേഷനും എൻജിഒ സംഘുമാണ് കോടതിയെ സമീപിച്ചത്.

ആറു ദിവസ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതി രണ്ട് മാസത്തെ സ്റ്റേ പ്രഖ്യാപിച്ചിരുന്നു. ഈ ഇടക്കാല വിധിക്കെതിരെ അപ്പീൽ പോയാൽ നടപടി വൈകും എന്ന് മനസിലാക്കിയാണ് സംസ്ഥാനം തിരക്കിട്ട് ഓ‌ർഡിനൻസ് കൊണ്ടുവന്നത്. ഡിസാസ്റ്റർ ആൻറ് പബ്ലിക് ഹെൽത്ത് എമർജൻസീസ് സ്പെഷ്യൽ പ്രൊവിഷൻ എന്ന പേരിലാണ് ഓർഡിനൻസ്. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനൻസിൽ ഒപ്പിട്ടതോടെ ഇത് നിയമമായി. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം തദ്ദേശ വാർഡ് വിഭജന നിയമം റദ്ദാക്കാനുള്ള ഓർഡിനൻസിനും ഗവർണർ അംഗീകാരം നൽകി. 25 ശതമാനം വരെ ശമ്പളം പിടക്കാൻ വ്യവസ്ഥയുണ്ടെങ്കിലും മുൻ നിശ്ചയിച്ച പ്രകാരം ആറ് ദിവസത്തെ ശമ്പളമാണ് മാറ്റിവെക്കുന്നത്. ഇത് എന്ന് കൊടുക്കുമെന്ന് ആറു മാസം കഴിഞ്ഞ് അറിയിച്ചാൽ മതിയെന്ന വ്യവസ്ഥയും ഓർഡിനൻസിലുണ്ട്. 

click me!