പ്ലസ്‍വൺ പ്രവേശനത്തിനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിൽ ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾ

By Web TeamFirst Published Sep 10, 2020, 7:25 AM IST
Highlights

കൊവിഡ് പശ്ചാത്തലത്തിൽ അക്ഷയ ഉൾപ്പടെയുള്ള ഓൺലൈൻ സഹായ കേന്ദ്രങ്ങൾ അടഞ്ഞു കിടന്നതും ഓൺലൈൻ അപേക്ഷകൾ തിരുത്തുന്നതിലുള്ള പരിജ്ഞാനക്കുറവും വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. അപേക്ഷകരിൽ പലർക്കും ഈ സമയത്തിനുള്ളിൽ ലിസ്റ്റ് പരിശോധിക്കാൻ കഴിഞ്ഞില്ല.

കോഴിക്കോട്: പ്ലസ്‍വൺ പ്രവേശനത്തിനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിൽ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾ. ഓൺലൈൻ അപേക്ഷ നൽകുന്നതിലെ പരിജ്ഞാനക്കുറവ് കാരണം, ട്രയൽ ലിസ്റ്റിലെ വിവരങ്ങൾ തിരുത്താൻ കഴിയാത്തതാണ് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുന്നത്. പ്രവേശന അവസരം നഷ്ടമാകാതിരിക്കാൻ അപേക്ഷ തിരുത്താനുള്ള സമയം നീട്ടിനൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം

സംസ്ഥാനത്ത് ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായി നാല് ലക്ഷത്തിൽ കൂടുതൽ വിദ്യാർത്ഥികളാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഏകജാലക സംവിധാനം വഴി നൽകിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ അഞ്ചാം തീയതി ട്രയൽ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ട്രയൽ ലിസ്റ്റ് പരിശോധിക്കാനും അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുമായി സെപ്റ്റംബർ എട്ടിന് വൈകീട്ട് 5 മണിവരെയാണ് സമയം നൽകിയിരുന്നത്. 

എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ അക്ഷയ ഉൾപ്പടെയുള്ള ഓൺലൈൻ സഹായ കേന്ദ്രങ്ങൾ അടഞ്ഞു കിടന്നതും ഓൺലൈൻ അപേക്ഷകൾ തിരുത്തുന്നതിലുള്ള പരിജ്ഞാനക്കുറവും വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. അപേക്ഷകരിൽ പലർക്കും ഈ സമയത്തിനുള്ളിൽ ലിസ്റ്റ് പരിശോധിക്കാൻ കഴിഞ്ഞില്ല. തെറ്റുകൾ കണ്ടത്തിയവരിൽ പല‍ർക്കും തിരുത്താനും കഴിഞ്ഞില്ല.

അപേക്ഷകൾ തിരുത്താൻ കഴിയാതെ പോയ നിരവധി വിദ്യാർത്ഥികൾ സംസ്ഥാനത്ത് ഉണ്ടെന്ന് അധ്യാപകരും പറയുന്നു. ഈ മാസം പതിനാലിനാണ് ആദ്യ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് പ്രവേശന അവസരം നഷ്ടപ്പെടാതിരിക്കാൻ അപേക്ഷകൾ തിരുത്താനുള്ള തിയ്യതി നീട്ടണമെന്നും അലോട്ട്മെന്‍റ് ലിസ്റ്റ് നീട്ടിവെക്കണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. 

 

click me!