പ്ലസ് വൺ പ്രവേശന തീയതി പിന്നീട്; വേണ്ടി വന്നാൽ പഠനം തുടങ്ങുക ഓൺലൈനായി തന്നെ

By Web TeamFirst Published Jun 30, 2020, 2:49 PM IST
Highlights

പ്ലസ് വൺ പ്രവേശനം മുൻ വർഷങ്ങളിലേതു പോലെ ഓൺലൈനായി തുടരും. കൊവിഡിന്റെ സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനവും പഠനവും സംബന്ധിച്ച് യാതൊരു പ്രതിസന്ധിയുമില്ല. 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന തീയതി പിന്നീടറിയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വണിന് സീറ്റുണ്ട്. സിബിഎസ്ഇ ഉൾപ്പടെയുള്ളവ സംബന്ധിച്ച കണക്കുകൾ വന്നശേഷം ബാക്കി കാര്യങ്ങളിൽ തീരുമാനമാകുമെന്നും മന്ത്രി പറഞ്ഞു.

പതിനഞ്ചാം തീയതിക്ക് മുമ്പ് സിബിഎസ്ഇ പരീക്ഷാഫലം വരുമെന്നാണ് അറിയുന്നത്. അതിനു ശേഷം സീറ്റുകൾ സംബന്ധിച്ച് തീരുമാനമെടുക്കാം. ഏതു രീതിയിലായാലും പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിക്കാനാ​ഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വണിന് സീറ്റുണ്ടാകും. 

പ്ലസ് വൺ പ്രവേശനം മുൻ വർഷങ്ങളിലേതു പോലെ ഓൺലൈനായി തുടരും. കൊവിഡിന്റെ സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനവും പഠനവും സംബന്ധിച്ച് യാതൊരു പ്രതിസന്ധിയുമില്ല. ഇപ്പോഴത്തെ നിലയ്ക്ക് ഓൺലൈൻ വഴിയുള്ള താൽക്കാലിക പഠനരീതിയാണ് മറ്റ് ക്ലാസ്സുകളിൽ സ്വീകരിച്ചിരിക്കുന്നത്. അതു തന്നെയാകും പ്ലസ് വണിലും ആവശ്യമെങ്കിൽ സ്വീകരിക്കുക. സ്കൂളുകൾ തുറക്കുന്ന സമയത്ത് ക്ലാസ്സുകളിൽ പഠനം നടത്താവുന്നതായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

Read Also: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: 98.82 % വിജയം...

 

click me!