
മലപ്പുറം: മലബാറില്‍ ഇത്തവണയും പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക നടപടികള്‍ നാളെ തുടങ്ങാനിരിക്കെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലബാറിലെ ആറ് ജില്ലകളിലും പ്ലസ് വണ്‍ സീറ്റുകളുടെ ഗണ്യമായ കുറവുണ്ട്. മലപ്പുറത്താണ് സീറ്റ് പ്രതിസന്ധി ഏറ്റവും രൂക്ഷം. ഇവിടെ നിലവില്‍ 26,137 സീറ്റുകളുടെ കുറവാണ് ഉള്ളത്. പാലക്കാട് 9,324 സീറ്റിന്‍റ കുറവുമുണ്ട്. മറ്റ് ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. ആറ് ജില്ലകളിലായി 53,164 സീറ്റിന്‍റെ കുറവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നേരിടുന്ന ആദ്യ വെല്ലുവിളിയാവും മലബാറിലെ പ്ലസ് വണ്‍ സീറ്റു പ്രതിസന്ധി. പലപ്പോഴും താല്‍ക്കാലിക സംവിധാനങ്ങള്‍ ഏപ്പെടുത്തിയാണ് പ്രതിസന്ധി നേരിടുന്നത്. എന്നിട്ടും കഴിഞ്ഞ തവണ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പണ്‍ സ്കൂള്‍, അണ്‍എയ്ഡഡ് പോലുള്ള സംവിധാനങ്ങള്‍ തെരെഞ്ഞെടുക്കേണ്ടി വന്നു.
സീറ്റ് ക്ഷാമം കുറക്കാന്‍ 352 താല്‍ക്കാലിക ബാച്ച് നിലനിര്‍ത്താന്‍ ധാരണയായിട്ടുണ്ട്. ഇതിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. 352 താല്‍ക്കാലിക ബാച്ചുകളില്‍ 314 ബാച്ചുകളും മലബാറിന് അനുവദിച്ചതാണ്. 45 കുട്ടികള്‍ ഇരിക്കേണ്ട ക്സാസുകളില്‍ നിലവില്‍ 60 വരെ കുട്ടികളുണ്ട്. ഇത് പഠന നിലവാരത്തേയും പ്രതികൂലമായി ബാധിക്കും. എന്നാല്‍ തെക്കന്‍ കേരളത്തില്‍ സ്ഥിതി മറിച്ചാണ്. കോട്ടയം, പത്തനംതിട്ട തുടങ്ങിയ ഇടങ്ങളില്‍ ഏഴായിരത്തോളം പ്ലസ് വണ്‍ സീറ്റുകളുടെ ഒഴിവാണ് കഴിഞ്ഞ തവണ റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam