
കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥി സഹലിനെ മർദ്ദിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത് സ്കൂൾ അധികൃതർ. സഹലിനെ മർദ്ദിച്ച 9 പ്ലസ് ടുക്കാരെയും സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് കുട്ടികളെ സസ്പെൻഡ് ചെയ്തത്. വൈകീട്ട് ചേർന്ന പിടിഎ എക്സിക്യുട്ടീവ് യോഗമാണ് വിദ്യാർത്ഥികൾക്കെതിരെ നടപടി എടുത്തത്. സംഭവത്തിൽ ശ്രീകണ്ഠാപുരം പൊലീസ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്,
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബ്ലാത്തൂർ സ്വദേശി സഹലിനെ ശ്രീകണ്ഠാപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചത്. മുടി വളർത്തിയതും ഷർട്ടിന്റെ ബട്ടൻസ് ഇട്ടതും ചോദ്യം ചെയ്തായിരുന്നു മർദ്ദനം. എന്നാൽ മർദ്ദനമേറ്റ കാര്യം സഹൽ രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല, തലവേദന ഉണ്ടായതിനെ തുടർന്ന് ആശുപതിയിൽ എത്തിച്ചപ്പോഴാണ് ചെവിയിൽ നീർക്കെട്ടുള്ളതായി അറിയുന്നത്. പിന്നീട് സോഷ്യൽ മീഡിയ വഴി പ്രചരിച്ച ദൃശ്യങ്ങൾ കണ്ടാണ് വീട്ടുകാർ കാര്യങ്ങൾ അറിയുന്നത്. തുടർന്ന് സഹലിന്റെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.
വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യണമെന്ന് സഹലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയന്നിരുന്നു. ഇതിനും മുൻപും സമാനമായ അനുഭവം പല വിദ്യാർത്ഥികൾക്കും ഉണ്ടായിട്ടുണ്ടെങ്കിലും ഭയം കൊണ്ട് ആരും പരാതിപ്പെട്ടില്ലെന്ന വിവരവും പിന്നാലെ പുറത്തു വന്നു. ഈ വികാരം കൂടി കണക്കിലെടുത്താണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ പിടിഎ തീരുമാനിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam