വയനാടിനെ വിറപ്പിച്ച പിഎം 2 ആന ഇനി രാജ; ആളെക്കൊല്ലി കടുവയ്ക്ക് കെജിഎഫിലെ വില്ലന്റെ പേര്

By Web TeamFirst Published Feb 9, 2023, 3:45 PM IST
Highlights

അതിർത്തി കടന്ന് കിലോമീറ്ററുകൾ താണ്ടി കേരളത്തിലെത്തിയതായിരുന്നു പിഎം 2 എന്ന മോഴയാന. ഇനി ഈ ആന വയനാട്ടുകാരുടെ രാജമാണിക്യമാണ്

കൽപ്പറ്റ: വയനാടിനെ വിറപ്പിച്ച ആളെകൊല്ലിയായ ആനയ്ക്കും കടുവയ്ക്കും വനം വകുപ്പ് പേരിട്ടു. തമിഴ്നാട്ടിൽ നിന്ന് ബത്തേരിയിലെത്തിയ പിഎം 2 മോഴയാന ഇനി രാജ എന്ന പേരിലാണ് അറിയപ്പെടുക. ജില്ലയിൽ നിന്ന് പിടികൂടി കടുവയ്ക്ക് നൽകിയതാകട്ടെ കെജിഎഫ് 2 സിനിമയിലെ വില്ലന്റെ പേരായ അധീരയെന്നും.

അതിർത്തി കടന്ന് കിലോമീറ്ററുകൾ താണ്ടി കേരളത്തിലെത്തിയതായിരുന്നു പിഎം 2 എന്ന മോഴയാന. ഇനി ഈ ആന വയനാട്ടുകാരുടെ രാജമാണിക്യമാണ്. വീട് തകർത്ത് അരി മോഷ്ടിക്കുന്നത് പതിവായതോടെ അരസിരാജ എന്നാണ് തമിഴ്നാട്ടിലെ പന്തല്ലൂരുകാർ വിളിച്ചിരുന്നത്. വനം വകുപ്പിന്‍റെ രേഖകളിൽ അത് പിഎം 2 അഥവാ പന്തല്ലൂർ മഖ്ന എന്ന പേരിലാണ് രേഖപ്പെടുത്തിയിരുന്നത്. ഇനി രാജയുടെ കാര്യത്തിൽ ഇതെല്ലാം ഒർമകൾ മാത്രമാകും.

പാലക്കാട് ധോണിയിൽ നിന്ന് പിടിച്ച പി ടി സെവൻ ആനയ്ക്ക് അന്ന് തന്നെ ധോണിയെന്ന് പേരിട്ടിരുന്നു. എന്നാൽ പിഎം 2 വിന്‍റെ കാര്യത്തിൽ തീരുമാനം നീണ്ടു. വനപാലകർ മുന്നോട്ടു വെച്ച ഒട്ടനവധി പേരുകളിൽ നിന്ന് അവസാനമാണ് രാജയിലേക്ക് എത്തിയത്. കൂട്ടിൽ മെരുങ്ങുന്ന രാജയ്ക്ക് കൂട്ടായി പത്ത് കുങ്കികൾ മുത്തങ്ങയിലുണ്ട്. സുന്ദരി, അമ്മു, വിക്രം, സൂര്യ, സുരേന്ദ്രൻ എന്നിവരെല്ലാമാണ് രാജയുടെ കൂട്ടുകാർ.

പത്ത് വയസ് പ്രായമുള്ള ആൺകടുവ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിൽ അഞ്ചാമത്തെ അതിഥിയാണ്. കർഷകന്‍റെ ജീവനെടുത്ത കടുവയ്ക്കിടാനുള്ള പേരിലും ചർച്ചകൾ നടന്നു. ഒടുവിൽ കെ.ജി.എ.ഫ് 2 സിനിമയിലെ ക്രൂരനായ വില്ലന്‍റെ കഥാപാത്രത്തിലെത്തി. ലക്ഷ്മി, കിച്ചു, രാജ, ഷേരു എന്നിവർക്കൊപ്പമാണ് അധീരയുടെ താമസം. കാട്ടിൽ നിന്ന് പിടികൂടുന്ന മൃഗങ്ങളുടെ എണ്ണം കൂടുന്പോൾ വേർതിരിച്ചറിയാൻ വേണ്ടി മാത്രമാണ് ഇത്തരം പേരുകൾ നൽകുന്നത്.

click me!