ജോസഫ് മെത്രാപ്പോലീത്തയുടെ മരണം: അനുശോചനം അറിയിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

By Web TeamFirst Published Oct 18, 2020, 9:11 AM IST
Highlights

മെത്രാപ്പൊലിത്തയുടെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത വിഡിയോ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്ക് വച്ചു

തിരുവനന്തപുരം:  മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും. 

മാനവികതയെ സേവിക്കുക്കയും പാവപ്പെട്ടെവരുടെ ജീവിതം മെച്ചപ്പെടുത്താൻ  പരിശ്രമിച്ചയാളാണ് മെത്രാപ്പൊലീത്തയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. മെത്രാപ്പൊലിത്തയുടെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത വിഡിയോയും പ്രധാനമന്ത്രി ട്വിറ്ററിൽ പങ്ക് വച്ചു

സാമൂഹിക തിന്മകൾക്കെതിരെ നിർഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. സമൂഹത്തിലെ അശരണരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ മോചനത്തിനും ക്ഷേമത്തിനും വേണ്ടി അദ്ദേഹം വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു.  മുംബൈ ചുവന്ന തെരുവിലെ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കാനും ട്രാൻസ്ജെൻഡേഴ്സിനെ  മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അദ്ദേഹം നടത്തിയ ഇടപെടലുകൾ ഇതിനുദാഹരണമാണ്. 

പ്രളയം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ചെന്നും  കേരളം സുനാമിയും  മഹാപ്രളയവും നേരിട്ടപ്പോഴും മെത്രാപ്പൊലീത്ത  സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി ഓ‍ർമ്മിച്ചു. മതനിരപേക്ഷമായ നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം സഭയ്ക്കും  സമൂഹത്തിനും നേതൃത്വം നൽകിയത്. 

സഭകളുടെ ഐക്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും ശ്രദ്ധേയമാണ്. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ വേർപാട് സഭയ്ക്ക് മാത്രമല്ല സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

മെത്രാപ്പോലീത്തയുടെ സംസ്കാര ചടങ്ങുകളിൽ തീരുമാനമെടുക്കാൻ മാർത്തോമ സഭയും സിനഡ് കൗൺസിലും അൽപസമയത്തിനകം യോ​ഗം ചേരുന്നുണ്ട്. പതിനൊന്ന് മണിയോടെ ചേരുന്ന യോ​ഗം സംസ്കാര ചടങ്ങുകളുടെ സമയക്രമം നിശ്ചയിക്കും. 


 

click me!