
ദില്ലി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിന് താത്കാലിക ഇടവേള. തൃശൂർ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവർത്തിക്കുന്നതിനാൽ തത്കാലം സിനിമയിൽ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്നാണ് വിവരം.
മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ മോദിയും അമിത് ഷായും നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ജയിപ്പിച്ച മണ്ഡലത്തിൽ ശ്രദ്ധിക്കാനും മന്ത്രി ഓഫീസിൽ സജീവമാകാനും കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ ഏറ്റെടുത്ത സിനിമകൾ തുടരാനാകില്ലെന്ന പ്രതിസന്ധിയിലാണ് തൃശൂർ എം പിയായ സുരേഷ് ഗോപി.
'ഊഹാപോഹങ്ങള്‍ക്ക് ഇടമില്ല'; 'ഒറ്റക്കൊമ്പന്‍' അപ്ഡേറ്റുമായി സുരേഷ് ഗോപി
അതേസമയം സുരേഷ് ഗോപി തന്‍റെ സോഷ്യല്‍ മീഡിയ ഇന്ന് പങ്കുവച്ച ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ഏറെക്കാലമായി കൊണ്ടുനടന്നിരുന്ന താടി വടിച്ചുള്ള ഗെറ്റപ്പിലുള്ള തന്‍റെ ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്. ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിനുവേണ്ടി പരിപാലിച്ചിരുന്ന ഗെറ്റപ്പ് ഒഴിവാക്കിയതിന് പിന്നാലെ തന്നെ കേന്ദ്ര മന്ത്രി പദവിയിലിരിക്കെ സിനിമയില്‍ അഭിനയിക്കാനുള്ള അനുമതി കിട്ടില്ലെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. പിന്നീട് ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്. കരിയറിലെ 250-ാം ചിത്രമായ ഒറ്റക്കൊമ്പന്‍റെ ഒരു പോസ്റ്റര്‍ ആയിരുന്നു അത്. സുരേഷ് ഗോപിയുടെ മുഖം കുറച്ച് മാത്രം വ്യക്തമാക്കുന്ന പോസ്റ്ററില്‍ അദ്ദേഹം താടിയുള്ള ഗെറ്റപ്പിലാണ്. ഊഹാപോഹങ്ങള്‍ക്ക് ഇടമില്ലെന്ന ഒരു കുറിപ്പും പോസ്റ്ററിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തും എന്ന് സൂചിപ്പിച്ചുകൊണ്ട് 2025 എന്നും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം