
ദില്ലി: മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്സഭയിലേക്ക് എത്തിയ സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യനും ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്.
മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ച കേരളത്തിനുള്ള പരിഗണനക്കും അപ്പുറത്ത് ദേശീയ തലത്തിൽ തന്നെ ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ന്യൂനപക്ഷ മുഖമായാണ് ജോര്‍ജ് കുര്യൻ മൂന്നാം മോദി മന്ത്രിസഭയിൽ അംഗമാകുന്നത്. ക്രൈസ്തവ വിഭാഗത്തിന് ബിജെപിയോട് അനുഭാവം ഉണ്ടാക്കും വിധം രാജ്യത്തുടനീളം നടത്തി വന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ജോര്‍ജ് കുര്യന്‍റെ കേന്ദ്ര മന്ത്രി പദവി. ബിജെപി ഉണ്ടായകാലം മുതൽ കോട്ടയത്തുകാരൻ ജോര്‍ജ് കുര്യൻ ബിജെപിക്കാരനാണ്. പാര്‍ട്ടിക്ക് സ്വന്തമായൊരു ഓഫീസോ എന്നെങ്കിലും അധികാരത്തിലെത്തുമെന്ന വിശ്വാസമോ ഇല്ലാതിരുന്ന കാലം മുതലുള്ള മികച്ച സംഘാടകൻ. നാട്ടകം കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യാര്‍ത്ഥി ജനതാ നേതാവിൽ നിന്നാണ് തുടക്കം. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന വക്താവായും സംഘടനാ തലത്തിൽ നിര്‍ണ്ണായക ചുമതലകൾ ജോര്‍ജ് കുര്യൻ വഹിച്ചിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായി ചുമതല ഏറ്റെടുത്ത ജോര്‍ജ് കുര്യൻ ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാൻ രാജ്യത്തുടനീളം നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കൂടിയാണ് നേതൃത്വത്തിന് പ്രിയങ്കരനായത്.
Also Read: 3-ാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി; ജെപി നദ്ദയും മന്ത്രിസഭയിലേക്ക്
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾക്കൊടുവിൽ സൂപ്പർതാരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്നത്. ഉറപ്പിച്ച മന്ത്രിസ്ഥാനത്തിൽ രാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ദില്ലിക്ക് പുറപ്പെട്ടത്. തൃശൂർ 'എടുത്തത്' മുതൽ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. എന്നാല്‍ ഇന്നലെ രാത്രി മുതൽ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നിരുന്നു. ഇതോടെ സിനിമക്കായി തൽക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാട് ഒരിക്കൽ കൂടി താരം സ്വീകരിച്ചു. ഒടുവിൽ ദില്ലിയിൽ നിന്നും നേരിട്ട് മോദിയുടെ കോളെത്തിയതോടെ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുകയായിരുന്നു. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം. കേരളത്തിൻ്റെ അംബാസിഡറാകുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തിലാണ് മലയാളികളുടെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam