
ദില്ലി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തൊനീഷ്യയിലേക്ക് തിരിക്കും. നാളെ ആരംഭിക്കുന്ന സമ്മേളനത്തിലെ മൂന്ന് സെഷനുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. സമ്മേളനത്തിനായി എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും പ്രത്യേകം കൂടിക്കാഴ്ച നടത്തും.
സുപ്രധാന പ്രഖ്യാപനങ്ങൾ ഈ ചർച്ചയ്ക്കുശേഷം ഉണ്ടാകുമെന്നാണ് സൂചന.യുക്രെയ്ൻ യുദ്ധവും തുടർന്നുള്ള ആഗോള പ്രശ്നങ്ങളും സമ്മേളനം ചർച്ച ചെയ്യും. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിലാണ്. ഡിസംബറിൽ ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുക്കും.
ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ലോഗോയിൽ താമര ഉൾപ്പെടുത്തിയതിനെ വിമർശിച്ച് കോൺഗ്രസ് നേരത്തെ രംഗത്ത് എത്തിയിരുന്നു,. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ലോഗോയിൽ ഉൾപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണെന്നും പാർട്ടിയുടെ പ്രചാരണത്തിന് കിട്ടുന്ന എല്ലാ അവസരവും ബിജെപി നാണമില്ലാതെ ഉപയോഗിക്കുക്കയാണെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തിയിരുന്നു.
കോൺഗ്രസിൻറെ പതാക ദേശീയ പതാകയാക്കാനുള്ള തീരുമാനത്തെ എഴുപത് വർഷം മുമ്പ് ജവഹർ ലാൽ നെഹ്റു തടഞ്ഞിട്ടുണ്ട് എന്നും ജയ്റാം രമേശ് ട്വിറ്ററിൽ എഴുതി. അതേസമയം താമര ദേശീയ പുഷ്പം കൂടിയാണെന്നാണ് ബിജെപിയുടെ വിശദീകരണം. ദേശീയ പുഷ്പം മാറ്റാൻ കോൺഗ്രസ് ആവശ്യപ്പെടുമോയെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പുനെവാല ചോദിച്ചു. രാജീവ് എന്ന വാക്കിനർഥം താമര എന്നാണ്. കമൽനാഥിലെ കമൽ എടുത്ത് മാറ്റണമെന്നും കോൺഗ്രസ് ആവശ്യപ്പെടുമോ എന്ന് പുനെവാല ചോദിച്ചു. ഇന്ത്യ അതിഥേയത്വം വഹിക്കുന്ന അടുത്ത വർഷത്തെ ജി20 ഉച്ചകോടിയുടെ ലോഗോയും തീമും പുറത്തിറക്കി. വിഡിയോകോൺഫറസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോഗോ പ്രകാശനം ചെയ്തത്. ഒരു ഭൂമി, ഒരു കുടുംബം,ഒരു ഭാവി എന്നതാണ് ഇത്തവണത്തെ ജി20 ഉച്ചകോടിയുടെ മുദ്രവാക്യം.പരിപാടിയുടെ ഭാഗമായി മുപ്പത്തിരണ്ട് സ്ഥലങ്ങളായി ഇരൂനൂറിലേറെ യോഗങ്ങളാകും ഇന്ത്യയിൽ നടക്കുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam