
കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ്റെ ആര്‍എസ്എസ് പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് മുനീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സുധാകരന്‍റെ ന്യായീകരണം ഉൾക്കൊള്ളാൻ മുസ്ലീംലീഗിന് ആയിട്ടില്ല. ഇക്കാര്യം കോൺഗ്രസ് ചർച്ച ചെയ്യണം. ആർഎസ്എസ് ചിന്തയുള്ളവർ പാർട്ടി വിട്ടുപോകണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും മുനീർ തുറന്നടിച്ചു. സുധാകരൻ്റെ പരാമർശം വളരെ നേരിട്ട് ആയിപ്പോയി. ആർഎസ്എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരൻ നൽകരുതായിരുന്നു. സുധാകരൻ്റെ പരാമര്‍ശം കോൺഗ്രസ് ചർച്ച ചെയ്യണം. മറ്റുള്ളവർക്ക് ആയുധം കൊടുക്കേണ്ട സമയം അല്ല ഇതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. വിവാദ പ്രസ്താവനയിൽ കെ.സുധാകരനുമായി നേരിട്ട് സംസാരിച്ച് അതൃപ്തി അറിയിച്ചിരുന്നുവെന്ന സൂചനയും മുനീര്‍ നൽകുന്നു.
ഞങ്ങൾക്ക് ആകെയുള്ള പ്രതീക്ഷ രാഹുൽ ഗാന്ധി പറഞ്ഞ വാക്കാണ്. ആര്‍എസ്എസ് ചിന്താഗതി ആര്‍ക്കെങ്കിലും മനസ്സിലുണ്ടെങ്കിൽ അവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം കോണ്‍ഗ്രസാണ് പരിശോധിക്കേണ്ടതും നടപടി വേണോയെന്ന് തീരുമാനിക്കേണ്ടതും. പൊതു വിഷയങ്ങളിൽ കോൺഗ്രസ് നേതാക്കൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറയരുത്. മുന്നണിയിലും പാർട്ടിയിലും കൂടിയാലോചന ഇല്ലാത്തതിനാൽ ആണ് ഇത് സംഭവിക്കുന്നതെന്ന് - മുനീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam