
ദില്ലി:വനിത സംവരണം 2029-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നടപ്പാക്കുമെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ നിലവിലെ സീറ്റുകൾ കൂട്ടി സംവരണം നടപ്പാക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി തിരുവല്ലയിലെ പ്രസംഗത്തിൽ നൽകിയത്. പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനം വിളിച്ചതിനെ കോൺഗ്രസ് എതിർക്കുന്നതിനിടെ, സർവ്വസമ്മതിയോടെ നിയമഭേദഗതി പാസ്സാക്കണം എന്ന അഭ്യർത്ഥനയും തിരുവല്ലയിലെ പ്രസംഗത്തിൽ മോദി മുന്നോട്ടു വെച്ചു. അതേസമയം, ബിജെപിയുടെ വനിത സ്നേഹം വോട്ട് ലക്ഷ്യമാക്കിയെന്ന് പ്രതിപക്ഷം വിമർശിച്ചു.
ഇതാദ്യമായാണ് വനിത സംവരണ ബില്ലിൽ നിയമഭേദഗതിക്കാണ് പാർലമെൻറ് സമ്മേളനം ഈ മാസം 16 മുതൽ 3 ദിവസം ചേരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിക്കുന്നത്. കേരളം അടക്കം ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനത്തും ലോക്സഭ സീറ്റ് കുറയില്ലെന്ന ഉറപ്പ് മോദി നൽകുന്നു. ആകെ സീറ്റുകളുടെ എണ്ണം അമ്പതു ശതമാനം കൂടി ഉയർത്തിയാകും വനിത സംവരണം എന്നാണ് സൂചന. അങ്ങനെയെങ്കിൽ കേരളത്തിലെ ലോക്സഭ സീറ്റുകളുടെ എണ്ണം 30 ആയി ഉയരും. ഇതിൽ പത്ത് സീറ്റ് വനിതകൾക്ക് സംവരണം ചെയ്യും. വനിത സംവരണത്തിൽ ബിജെപിക്കുള്ളിൽ തന്നെ എതിർപ്പ് നിൽക്കുന്നത് കൊണ്ടാണ് സീറ്റുകളുടെ എണ്ണം കൂട്ടി ഇത് പരിഹരിക്കാനുള്ള നീക്കം നടക്കുന്നത്.
കേരളത്തിലും പശ്ചിമ ബംഗാളിലും വനിത സംവരണം തെരഞ്ഞെടുപ്പ് വിഷയം കൂടിയാക്കി ബിജെപി മാറ്റുന്നു എന്ന സന്ദേശമാണ് മോദിയുടെ തിരുവല്ലയിലെ പ്രസംഗം നൽകുന്നത്. പ്രത്യേക സമ്മേളനത്തിൽ സർക്കാർ നീക്കം ചെറുക്കാനാണ് കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഡിഎംകെയും ഇടതുപക്ഷ പാർട്ടികളും ആലോചിക്കുന്നത്. തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ടു നേടാനുള്ള നാടകമാണ് ബിജെപി നടത്തുന്നതെന്ന ആരോപണം കോൺഗ്രസ് ആവർത്തിച്ചു. ബഹളം കാരണം ബില്ല് മാറ്റി വെയ്ക്കേണ്ടി വന്നാൽ വനിത സംവരണത്തെ പ്രതിപക്ഷം അട്ടിമറിച്ചു എന്ന പ്രചാരണത്തിനാകും ബിജെപിയുടെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam