'പാവപ്പെട്ടവരുടെ ഉന്നമനത്തിനായി സമര്‍പ്പിച്ച ജീവിതം'; മാര്‍ പൗവ്വത്തലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Mar 23, 2023, 10:03 AM IST
Highlights

സമൂഹത്തിനും രാജ്യത്തിനുമായി മാർ ജോസഫ് പൗവ്വത്തില്‍ നടത്തിയ നിസ്വാര്‍ത്ഥ സേവനം പുതിയ തലമുറക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദില്ലി: മാർ ജോസഫ് പൗവ്വത്തിലിന്‍റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറിവിന്‍റെ വെളിച്ചം പരത്താന്‍ പ്രയത്നിച്ച വ്യക്തിയാണ് മാർ ജോസഫ് പൗവ്വത്തില്‍ എന്ന് പ്രധാനമന്ത്രി അനുശോചന കുറിപ്പില്‍ കുറിച്ചു. സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായും കർഷകരെ ശാക്തികരിക്കാനും അദ്ദേഹം  ജീവിതം സമർപ്പിച്ചു. സമൂഹത്തിനും രാജ്യത്തിനുമായി മാർ ജോസഫ് പൗവ്വത്തില്‍ നടത്തിയ നിസ്വാര്‍ത്ഥ സേവനം പുതിയ തലമുറക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സിറോ മലബാർ സഭ ചങ്ങനാശേരി രൂപതാ മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പൗവ്വത്തിലിന് ഇന്നലെയാണ് വിശ്വാസി സമൂഹം വിട നല്‍കിയത്. സംസ്കാര ചടങ്ങുകളിൽ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. ചങ്ങനാശേരി മെത്രാപ്പൊലീത്ത പള്ളിയോട് ചേർന്ന ഖബറിട പള്ളിയിലെ പ്രത്യേക കല്ലറയിലാണ് പൗവ്വത്തിലിന്റെ ഭൗതികശരീരം സംസ്കരിച്ചത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, ബംഗാൾ ഗവർണർ സി വി ആനന്ദബോസ്, കെ എൻ  ബാലഗോപാല്‍, വി എൻ വാസവനുമടക്കമുള്ള സംസ്ഥാന മന്ത്രിമാർ, വി ഡി സതീശൻ, കെ സി വേണുഗോപാല്‍ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ തുടങ്ങി പ്രമുഖരുടെ നീണ്ട നിരയും മാര്‍ പൗവ്വത്തിലിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. രാവിലെ ഒമ്പത് മണി വരെ നീണ്ട പൊതുദർശനത്തിനു ശേഷം കർദിനാൾ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക കുർബാന മൂന്ന് മണിക്കൂറോളം നീണ്ടു.

പ്രാർത്ഥനകൾക്ക് ശേഷം ചങ്ങനാശേരി മെത്രാപ്പൊലീത്ത പള്ളിക്ക് ചുറ്റും ഭൗതിക ശരീരവുമായി നഗരി കാണിക്കൽ ചടങ്ങും നടന്നു. പൗവത്തിലിന്റെ ജീവിതരേഖ അടയാളപ്പെടുത്തിയ ഏഴു ചെമ്പു ഫലകങ്ങളും കല്ലറയില്‍ നിക്ഷേപിച്ചു. 1985 നവംബർ അഞ്ച് മുതൽ 2007 മാര്‍ച്ച് 19 വരെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു മാര്‍ പൗവ്വത്തില്‍. അതിരൂപതയിലെ തന്നെ കുറുമ്പനാടം അസംപ്ഷന്‍ ഇടവകയിലെ പൗവ്വത്തിൽ കുടുംബാംഗമാണ്. 

മാർ പൗവത്തിലിന് വിട; ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ

click me!