
പാലക്കാട്: പുൽവാമ ഭീകരാക്രമണ കാലത്ത് കാശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലിക്കിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എം എൽ എയുമായ ഷാഫി പറമ്പിൽ രംഗത്ത്. മോദിയുടെ രാജ്യ സ്നേഹം ഡിഗ്രി സർട്ടിഫിക്കറ്റ് പോലെ തന്നെ വ്യാജമാണെന്നാണ് ഷാഫി അഭിപ്രായപ്പെട്ടത്. അതി ദേശീയതയുടെ വൈകാരികത കുത്തി നിറച്ച പ്രസംഗങ്ങൾക്കപ്പുറത്തേക്ക് പട്ടാളക്കാരന്റെ ജീവത്യാഗം ഭരണം പിടിക്കാനുള്ള കാരണം മാത്രമായി കണ്ടത് കൊണ്ടാണ് തെറ്റ് ചൂണ്ടിക്കാണിച്ച ഗവർണ്ണറോട് അതിനെ പറ്റി വാ തുറക്കേണ്ടെന്ന് ഒരു പ്രധാനമന്ത്രി പറഞ്ഞതെന്നും ഷാഫി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ഷാഫി പറമ്പിലിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
രാജ്യത്തെ കാക്കാൻ പുൽവാമയിൽ ജീവൻ ബലിയർപ്പിച്ച 40 ധീര ജവാന്മാരുടെ രക്തസാക്ഷിത്വത്തിനുത്തരവാദികൾ തീവ്രവാദികൾ മാത്രമല്ല നമ്മുടെ ഭരണകൂടത്തിന്റെ ക്രൂര നിസ്സംഗത കൂടിയാണെന്ന് പുൽവാമ അക്രമ കാലത്ത് കാശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലിക്ക് വെളിപ്പെടുത്തുന്നു.
അതി ദേശീയതയുടെ വൈകാരികത കുത്തി നിറച്ച പ്രസംഗങ്ങൾക്കപ്പുറത്തേക്ക് പട്ടാളക്കാരന്റെ ജീവത്യാഗം ഭരണം പിടിക്കാനുള്ള കാരണം മാത്രമായി കണ്ടത് കൊണ്ടാണ് തെറ്റ് ചൂണ്ടിക്കാണിച്ച ഗവർണ്ണറോട് അതിനെ പറ്റി വാ തുറക്കേണ്ടെന്ന് ഒരു പ്രധാനമന്ത്രി പറഞ്ഞത്.
മോദിയുടെ രാജ്യ സ്നേഹം ഡിഗ്രി സർട്ടിഫിക്കറ്റ് പോലെ തന്നെ വ്യാജമാണ്.
വിടി ബൽറാമിന്‍റെ കുറിപ്പ്
അതീവ ഗുരുതരമായ ഒരു വെളിപ്പെടുത്തലാണ് മുതിർന്ന ബിജെപി നേതാവും മുൻ ജമ്മു-കശ്മീർ ഗവർണറുമായ സത്യ പാൽ മാലിക് നടത്തിയിരിക്കുന്നത്. 40 സിആർപിഎഫ് ജവാന്മാർ ദാരുണമായി കൊല്ലപ്പെട്ട 2019ലെ പുൽവാമ ഭീകരാക്രമണത്തിന് ഇടവരുത്തിയത് മോദി സർക്കാർ അറിഞ്ഞുകൊണ്ട് വരുത്തിയ സുരക്ഷാ വീഴ്ചയായിരുന്നുവെന്നാണ് ആ സമയത്ത് കശ്മീർ ഗവർണറായിരുന്ന സത്യ പാൽ മാലിക് തുറന്നുപറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റേയും പേരെടുത്ത് പറഞ്ഞുള്ള കടുത്ത വിമർശനമാണ് മുൻ ഗവർണറുടേത്. ഇത്രയധികം ജവാന്മാർ ഒരുമിച്ച് റോഡ് മാർഗം കടന്നുപോവുന്നതിൽ സുരക്ഷാ ഭീഷണി ഉണ്ടെന്നും വെറും 5 വിമാനങ്ങളനുവദിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന് മുമ്പിൽ കൃത്യമായ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ദുരൂഹമായ കാരണങ്ങളാൽ വിമാനങ്ങൾ അനുവദിക്കാൻ ആഭ്യന്തര മന്ത്രി തയ്യാറായില്ല. ഈ വിവരം അന്നേ ദിവസം വൈകീട്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താൻ നേരിട്ട് ബോധ്യപ്പെടുത്തിയെന്നും മുൻ ഗവർണർ സത്യ പാൽ മാലിക് തുറന്നുപറയുന്നു. അതിന് പ്രധാനമന്ത്രി ഗവർണറോട് പറഞ്ഞ മറുപടി ഞെട്ടിപ്പിക്കുന്നതാണ്: "നീ ഇപ്പോൾ ഒന്നും സംസാരിക്കേണ്ട, വായ് മൂടി ഇരിക്ക്"!
40 ധീര ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ട ഭീകരാക്രമണം ഭരണകൂടത്തിന്റെ അറിവോട് കൂടിയായിരുന്നോ? മോദിക്ക് രാഷ്ട്രീയാവശ്യമുണ്ടാകുമ്പോൾ ഇങ്ങനെയെന്തെങ്കിലുമൊക്കെ സംഭവിക്കുന്നത് ഇതാദ്യമായിട്ടല്ല. 2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ തൊട്ട് മുന്നേയാണ് പുൽവാമയിൽ ഈ ആക്രമണമുണ്ടായത്. ഇതിന്റെ തിരിച്ചടിയെന്ന നിലയിലാണ് പാക്കിസ്ഥാനിലെ ബലാകോട്ടിൽ പ്രത്യാക്രമണം നടത്തിയതായി മോദി സർക്കാർ അവകാശപ്പെട്ടിരുന്നത്. പാക് റഡാറുകളെ കബളിപ്പിക്കാൻ വേണ്ടി മഴ മേഘങ്ങളുള്ള ദിവസം നോക്കി താൻ തന്നെയാണ് ആക്രമണത്തിന് നിർദ്ദേശം നൽകിയത് എന്ന പരിഹാസ്യമായ അവകാശവാദങ്ങളും നരേന്ദ്ര മോദി നേരിട്ട് നടത്തിയിരുന്നു. ബിജെപിക്കനുകൂലമായി തീവ്ര ദേശീയതാ വികാരം ആളിക്കത്തിക്കാനും മറ്റ് ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഇതിനേത്തുടർന്നുള്ള ദിവസങ്ങളിൽ ബിജെപി അനുകൂല മാധ്യമങ്ങൾക്ക് കഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ മോദിയുടെ തകർന്നുപോയ 56 ഇഞ്ച് നെഞ്ചളവ് പ്രതിച്ഛായയുടെ പുനർനിർമ്മിതിക്കും അതുവഴി 2019ലെ ബിജെപിയുടെ തുടർ വിജയത്തിനും വഴിയൊരുക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ച സംഭവവികാസങ്ങളുടെ വിശ്വാസ്യതയാണ് ബിജെപി നേതാവ് കൂടിയായ മുൻ കശ്മീർ ഗവർണറുടെ ഈ വെളിപ്പെടുത്തലിലൂടെ തകർന്നുപോവുന്നത്.
ഇത് അങ്ങേയറ്റം ഗുരുതരമായ ഒരു വിഷയമാണ്. ഈ രാജ്യത്തെ ഭരണകൂടം ഇന്നാട്ടിലെ ജനങ്ങളോട് കൃത്യമായ വിശദീകരണം നൽകണം. 135 കോടി ജനങ്ങളുടെ സുരക്ഷാപരമായ ആശങ്കകൾക്കൊപ്പം 40 ധീര രക്തസാക്ഷികളുടെ ഓർമ്മകളെങ്കിലും ബഹുമാനിക്കപ്പെടേണ്ടതുണ്ട്.