
ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകൾ നേർന്നത്. 'കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ'- മോദി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ചലച്ചിത്ര താരങ്ങളായ മോഹൻ ലാൽ, കമലഹാസൻ തുടങ്ങിയവരും പിണറായിക്ക് ആശംസകൾ നേർന്നു.
കേരളത്തിന്റെ പുരോഗതി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ദൃഢനിശ്ചയമുള്ള നേതാവാണ് പിണറായിയെന്ന് കമൽഹാസൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. '80-ാം ജന്മദിനത്തിൽ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായും അദ്ദേഹം കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ 80-ാം പിറന്നാളാണ് ഇന്ന്. ഇന്നലെയാണ് രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ സമാപിച്ചത്. ഇന്ന് മുതൽ വീണ്ടും മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും. മുഖ്യമന്ത്രിക്കസേരയിൽ പിണറായി വിജയൻ നാളെ ഒൻപത് വർഷം പൂർത്തിയാക്കുകയാണ്. 80 ആം പിറന്നാളിലും പിണറായിക്ക് ആഘോഷങ്ങളൊന്നുമില്ല. എന്നാൽ അടുപ്പിച്ചടുപ്പിച്ചുള്ള സർക്കാറിൻറെ വാർഷികാഘോഷവും മുഖ്യമന്ത്രിയുടെ പിറന്നാളും അണികൾക്ക് നൽകുന്നത് ഇരട്ടി മധുരമാണ്.