നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; പ്രധാനമന്ത്രി ആയതിന് ശേഷമുള്ള ആദ്യ പൊതുയോഗം കേരളത്തിൽ

By Web TeamFirst Published Jun 7, 2019, 6:22 AM IST
Highlights

ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുളള ആദ്യത്തെ പൊതുയോഗമാണ് ഇത്. 

തൃശ്ശൂർ: ഇന്ന് വൈകിട്ടാണ് ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. വൈകിട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനവും ബിജെപിയുടെ പൊതുയോഗവും കഴിഞ്ഞാവും മടങ്ങുക. ഇന്ന് രാത്രി കൊച്ചിയിൽ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറില്‍ തൃശ്ശൂരിലേക്ക് പുറപ്പെടും. 9.45ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിൽ ഇറങ്ങും. തുടര്ന്ന് റോഡ് മാര്ഡഗം ശ്രീവല്‍സം ഗസ്റ്റ് ഹൗസിലേക്ക് പോകും. 10 മണിക്ക് ഗുരുവായൂർ ക്ഷേത്രദര്‍ശനത്തിനിറങ്ങും. തുലാഭാരം,കളഭച്ചാര്‍ത്ത് ഉള്‍പ്പെടെയുളള വഴിപാടുകള്‍ നടത്താനാണ് ദേവസ്വം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

താമരപ്പൂവുകൊണ്ട് തുലാഭാരം നടത്തണമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ് പറഞ്ഞു. ഒരു ഉരുളി നെയ്യ് മോദി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കും. മുഴുക്കാപ്പ് കളഭച്ചാർത്ത് വഴിപാടും നടത്തണമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശിശിർ പറഞ്ഞു. ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.

നാളെ 11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുളള ആദ്യത്തെ പൊതുയോഗമാണ് ഇത്. ശബരിമല പ്രശ്നത്തില്‍ ഓര്‍ഡിനൻസ് കൊണ്ടുവരുന്നതുൾപ്പെടെയുളള എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതീക്ഷ . കുന്നംകുളം, നാട്ടിക, ഗുരുവായൂർ, മണലൂർ നിയോജകമണ്ഡലത്തിലെ പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് എ നാഗേഷ് പറഞ്ഞു. 

ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂരിലും പരിസരത്തും കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.ഗുരുവായൂരില്‍ ലോഡ്‍ജുകളില്‍ മുറിയെടുക്കുന്നവരുടെ എല്ലാ വിവരങ്ങളും ശേഖരിക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2008ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി ഇതിനു മുമ്പ് ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയത്.

click me!