
തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. ഐഎഎസ്സുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ച പൊലീസ് കമ്മീഷണറേറ്റുകൾ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. തിരുവനന്തപുരത്തും കൊച്ചിയിലും ഐജി റാങ്കിലെ ഉദ്യാേഗസ്ഥര്‍ കമ്മീഷണര്‍ ആകുന്നതിനോടൊപ്പം വന്‍ അഴിച്ചുപണിയാണ് സേനയില്‍ ഉണ്ടാകുന്നത്. ഉത്തരവ് ഉടൻ പുറത്തിറങ്ങും.
കളക്ടര്‍മാരുടെ മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ കമ്മീഷര്‍ക്ക് കൈമാറി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍മാരെ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ കമ്മീഷണര്‍മാര്‍ ആക്കണമെന്നായിരുന്നു ശുപാര്‍ശ. ഇതിനെ ഐഎസ്എസുകാര്‍ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്ന് തീരുമാനം സര്‍ക്കാര്‍ തൽക്കാലം മാറ്റി വയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മുന്‍പ് പൊലീസില്‍ ഘടനാപരമായ മാറ്റം കൊണ്ടുവന്നെങ്കിലും അത് നടപ്പിലാക്കിയില്ല. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം സര്‍ക്കാര്‍ തിരക്കിട്ട് പൊലീസില്‍ അഴിച്ചുപണി നടത്തുകയാണ്.
തിരുവനന്തപുരത്ത് ഐജി ദിനേന്ദ്രകശ്യപും കൊച്ചിയില്‍ വിജയ് സാഖറെയും കമ്മീഷണര്‍മാരാകും. ക്രമസമാധാന ചുമതല ഒറ്റ എഡിജിപിക്ക് നല്‍കും. എഡിജിപി ഷെയ്‍ഖ് ദര്‍വേശ് സാഹിബിനാകും ക്രമസമാധാന ചുമതല.
ക്രമസമാധാന ചുമതലയുള്ള ഉത്തരമേഖലാ ഐജിയായിഎംആര്‍ അജിത് കുമാറും ദക്ഷിണമേഖലാ ഐജിയായി അശോക് യാദവും നിയമിതരായേക്കും. നിലവില്‍ ദക്ഷിണമേഖല എഡിജിപിയായ മനോജ് എബ്രഹാം പൊലീസ് ആസ്ഥാനത്തെ എഡിജിപിയാവും. റെയ്ഞ്ചുകളില്‍ ഐജിമാര്‍ക്ക് പകരം ഡിഐജിമാരെ നിയമിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ ഇടയിലും വ്യാപകമായ മാറ്റമുണ്ടാകും. എക്സൈസ് കമ്മീഷണര്‍ മേധാവിസ്ഥാനത്തും മാറ്റമുണ്ടാകുമെന്നാണ് വിവരം.
എഡിജിപി ആര്‍ ആനന്ദകൃഷ്ണന്‍ പുതിയ എക്സൈസ് കമ്മീഷണര്‍ ആയേക്കും. ഋഷിരാജ് സിംഗ് വീണ്ടും ജയില്‍ വകുപ്പ് മേധാവിയാവും. നിലവിൽ ജയില്‍ വകുപ്പ് മേധാവിയായ എഡിജിപി ആര്‍ ശ്രീലേഖയ്ക്ക് പൊലീസില്‍ ട്രാഫിക് ഉള്‍പ്പെടെയുള്ള പുതിയ ചുമതലകള്‍ ലഭിച്ചേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam