
തൃശൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം കത്തി പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. ഇന്ന് തമിഴ്നാട്ടിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ലോക്സഭ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ, വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തുന്നത്. റോഡ് - റെയിൽ -വ്യോമഗതാഗത മേഖലയിലായി 19,500 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശൂരിൽ അന്തിമഘട്ടത്തിൽ
പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശൂരിൽ പുരോഗമിക്കുകയാണ്. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മുവായിരത്തിലധികം പൊലീസുകാരെ വിന്യസിപ്പിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം വേറെയും ഉണ്ടാകും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടേകാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന വേദിയിലേക്ക് എത്തും. ചില മത നേതാക്കൾ കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമനമായില്ല. തീരുമാനമായാൽ കൂടിക്കാഴ്ച വേദിക്ക് സമീപം നടക്കും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ബി ജെ പി നേതാക്കളും ബീനാ കണ്ണൻ, ഡോ. എം. എസ് സുനിൽ , വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷം വനിതകൾ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബി ജെ പി അറിയിച്ചു. അതിനിടെ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ഉണ്ടാകുമെന്നാണ് കണക്കാക്കപെടുന്നത്