'യുഡിഎഫിന്റേത് വഞ്ചന, മാപ്പ് നൽകില്ല', അതിശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ബിനോയ് വിശ്വം; പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ചു

Published : Jun 17, 2026, 09:35 PM IST
Binoy Viswam

Synopsis

കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള വഞ്ചനയാണെന്നും, ഫണ്ട് തടഞ്ഞാൽ കേന്ദ്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 'പിഎം ശ്രീ' പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും, ഈ വഞ്ചനയ്ക്ക് കേരളം മാപ്പ് നൽകില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. താൻ ഒരു നെഹ്റുവിയൻ സോഷ്യലിസ്റ്റാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം വലിയൊരു വായനക്കാരൻ കൂടിയാണ്. അങ്ങനെയാണെങ്കിൽ നെഹ്റു എഴുതിയ പുസ്തകങ്ങളൊക്കെ മുഖ്യമന്ത്രി ഒരിക്കൽക്കൂടി എടുത്തു വായിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്ലാറ്റിനും വലുത് 'വാക്ക്' ആണെന്നാണ് മുഖ്യമന്ത്രി എപ്പോഴും പറയാറുള്ളതെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. എന്നാൽ പിഎം ശ്രീയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ആ വാക്ക് ഇപ്പോൾ പാഴ്വാക്കായി മാറിയിരിക്കുകയാണ്. പിഎം ശ്രീ പദ്ധതി നടപ്പാക്കരുത് എന്ന് സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ അതിന് കൃത്യമായ വഴികളുണ്ടായിരുന്നു. എന്നാൽ ഇവിടെ മുസ്ലിം ലീഗിന്റെ മന്ത്രിയെത്തന്നെ പിഎം ശ്രീയുടെ നടത്തിപ്പുകാരനാക്കി മാറ്റുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്. പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ യുഡിഎഫ് മുന്നണി പൂർണ്ണമായും മലക്കംമറിഞ്ഞിരിക്കുകയാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു.

സിപിഐ ഈ പദ്ധതിക്കെതിരെ ശക്തമായ എതിർപ്പ് ഉന്നയിച്ചപ്പോൾ അന്നതിനെ പിന്തുണച്ചവരാണ് യുഡിഎഫ്. ഇപ്പോൾ യുഡിഎഫ് ഉന്നയിക്കുന്നത് വെറും തൊടുന്യായങ്ങൾ മാത്രമാണ്. പിഎം ശ്രീ നടപ്പിലാക്കുന്നത് ആർഎസ്എസ് അജണ്ട നേരിട്ട് സ്കൂളുകളിൽ എത്തിക്കാനാണ്. കേരളത്തിന് സമഗ്ര ശിക്ഷാ കേരളം ഫണ്ട് ലഭിച്ചത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ പിഎം ശ്രീ പദ്ധതിയുടെ പേരിലല്ല. പിഎം ശ്രീ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രം എസ്.എസ്.കെ ഫണ്ട് തരുന്നില്ലെങ്കിൽ അതിനെതിരെ കോടതിയെയാണ് സമീപിക്കേണ്ടത്. അല്ലാതെ കേന്ദ്രത്തിന് മുന്നിൽ കീഴടങ്ങുകയല്ല വേണ്ടത്. പദ്ധതിയുടെ കരാറിൽ നിന്ന് പിന്മാറാൻ കേരളത്തിന് അവകാശമില്ലെന്നാണ് സർക്കാർ പറയുന്നതെങ്കിൽ, കരാർ ലംഘിച്ചതിന്റെ പേരിൽ കേന്ദ്രം എന്ത് നടപടിയാണ് എടുക്കുന്നതെന്ന് നമുക്ക് നോക്കാം. കേന്ദ്രം നടപടിയെടുക്കട്ടെ. ആർഎസ്എസ് അജണ്ടകൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളെ തങ്ങളുടെ എല്ലാ ശേഷിയും ഉപയോഗിച്ച് ശക്തമായി എതിർക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്: ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വീണ പുറത്തേക്ക്, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ
തൃശൂരിലും കണ്ണൂരിലും ഷിഗെല്ല, രോഗം ബാധിച്ചത് വയോധികർക്ക്; പ്രതിദിന കേസുകൾ രണ്ടക്കം കടന്നു