എം കെ സാനു മാസ്റ്ററുടെ ചരമവാർഷിക അനുസ്മരണ ചടങ്ങിൽ, കവി കെ സച്ചിദാനന്ദനെതിരെ പിണറായിയുടെ പരോക്ഷ വിമർശനം. തുടർ ഭരണം അപകടമാണെന്നോ ഇടതുപക്ഷത്തെ ഇകഴ്ത്തിയോ സാനു മാഷ് സ്വീകാര്യത നേടാൻ ശ്രമിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു
കൊച്ചി: ഇടത് സഹയാത്രികനായ കവി കെ സച്ചിദാനന്ദനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എം കെ സാനു മാസ്റ്ററുടെ ചരമവാർഷിക അനുസ്മരണത്തിൽ, അദ്ദേഹത്തെ ചൂണ്ടിക്കാട്ടിയാണ് പിണറായി, സച്ചിദാനന്ദനെതിരെ പരോക്ഷ വിമർശനം നടത്തിയത്. തുടർ ഭരണം അപകടമാണെന്ന തോന്നലോ, ഇടതുപക്ഷത്ത് നിന്ന് ഇടതുപക്ഷത്തെ കരുവാരി തേച്ച് സ്വീകാര്യതനേടാനോ സാനു മാസ്റ്റർ ശ്രമിച്ചില്ലെന്ന് പറഞ്ഞായിരുന്നു സാഹിത്യ അക്കാദമി മുൻ ചെയർമാൻ കൂടിയായിരുന്ന സച്ചിന്ദാനന്ദനെ പിണറായി വിമർശിച്ചത്. ഇടത് പക്ഷത്തെ ഇകഴ്ത്തി സ്വന്തം യശസ്സ് ഉയർത്താൻ സാനു മാഷ് ശ്രമിച്ചില്ലെന്നും അദ്ദേഹത്തിന് ജന മനസ്സുകളിൽ ഉയർന്ന സ്ഥാനമാണ് ഉള്ളതെന്നും പിണറായി വിജയൻ പറഞ്ഞുവെച്ചു. അത് ഇല്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാനായി ശ്രമിക്കുന്നതെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു. ഇടത് പക്ഷത്തിന് തുടർ ഭരണം വേണ്ടെന്ന സച്ചിദാനന്ദന്റെ പ്രതികരണത്തിന് മറുപടിയെന്ന രീതിയിലായിരുന്നു പിണറായിയുടെ പ്രസംഗം.
'തുടർഭരണം വേണ്ട'
മാറി മാറിയുള്ള ഭരണമാണ് താൻ ആഗ്രഹിക്കുന്നതെന്നും കേരളത്തിൽ ഇടത് പക്ഷത്തിന് തുടർഭരണം വേണ്ടെന്നുമായിരുന്നു തെരഞ്ഞെടുപ്പിന് മുൻപായി സച്ചിദാനന്ദൻ നടത്തിയ പ്രതികരണം. ഇതുവരെയും ഇക്കാര്യത്തിൽ മൗനം പാലിച്ച പിണറായി വൈകിയെങ്കിലും ഇന്ന് മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. കൊച്ചിയിൽ എം കെ സാനുവിന്റെ ഒന്നാം വാർഷിക അനുസ്മരണം തന്നെ മറുപടി നൽകാനായി തെരഞ്ഞെടുത്തതും ശ്രദ്ധേയമായി. ഇടത് സഹയാത്രികനായിരുന്ന സാനു മാഷിന്‍റെ നിലപാടുമായി താരതമ്യം ചെയ്തുള്ള പ്രതികരണത്തിൽ സച്ചിദാനന്ദന്‍റെ മറുപടി എന്താകും എന്നത് കണ്ടറിയണം.
