
തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിൽ ഉടലെടുത്ത പ്രശ്നം പരിഹാരത്തിലേക്ക് നീങ്ങുന്നു. സിപിഎം മുന്നോട്ട് വെച്ച സമവായത്തിന് വഴങ്ങിയിരിക്കുകയാണ് സിപിഐയും. ഇതോടെ ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തിൽ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം, പിഎം ശ്രീ കരാരിൽ ഒപ്പിട്ട ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇന്ന് തന്നെ കത്തു നൽകും. ഈ കത്തിന്റെ പകർപ്പ് സിപിഐക്ക് കൈമാറാനും തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഐ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ പ്രശ്നത്തിനാണ് ഇന്ന് താൽക്കാലിക പരിഹാരം ഉണ്ടായിരിക്കുന്നത്.
ഇടതുമുന്നണി യോഗത്തിൽ പദ്ധതിയെ കുറിച്ച് പഠിക്കാൻ ഉപസമിതി രൂപീകരിക്കും. ഈ സമിതി എംഒയു പരിശോധിക്കും. വിവാദ വ്യവസ്ഥകളും സമിതി പഠിക്കും. അതിനു ശേഷം മാറ്റം നിർദേശിച്ചു വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് സിപിഎമ്മിൻ്റെ തീരുമാനം. കേന്ദ്രത്തിന് കത്തെഴുതിയ തീരുമാനം മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ വിശദീകരിക്കും. അതേസമയം, വിഷയത്തിൽ കേന്ദ്ര നിലപാടും പ്രധാനമാണ്. കരാറിൽ ഒപ്പിട്ട് ഒരാഴ്ചക്കുള്ളിലെ പിന്മാറ്റം കേന്ദ്രം അംഗീകരിക്കണം. എന്നാൽ കേന്ദ്ര നിലപാട് എന്തായാലും കത്ത് അയച്ചതിനാൽ സിപിഐ വിഷയം ഒത്തു തീർപ്പിലെത്തിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam