
തിരുവനന്തപുരം/ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയിൽ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള നിര്‍ണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്. പിഎം ശ്രീയിൽ സമവായ നിര്‍ദേശം നിലവിൽ അംഗീകരിക്കേണ്ടെന്നാണ് സിപിഐ നിലപാട്.മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാരെ വിട്ടുനിര്‍ത്തിക്കൊണ്ട് പ്രതിഷേധം അറിയിക്കും. ഇതിനുശേഷം നവംബര്‍ നാലിന് ചേരുന്ന സിപിഐ യോഗത്തിൽ തുടര്‍ നടപടി ചര്‍ച്ച ചെയ്യും. അതേസമയം, ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തേക്ക് വന്ന മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. സിപിഐയുടെ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തിരിക്കെ സിപിഎമ്മിനും സര്‍ക്കാരിനും രാഷ്ട്രീയമായി തിരിച്ചടിയാണ്.
ഉന്നയിച്ചവിഷയങ്ങളിൽ പ്രശ്ന പരിഹാരമായിട്ടില്ലെന്നും പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.ചർച്ച നല്ലതായിരുന്നു എന്നാൽ, പ്രശ്നത്തിന് പരിഹാരമായില്ല. തീരുമാനം യഥാസമയം അറിയിക്കുമെന്നും സിപിഐ സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം ബിനോയ് വിശ്വം പറഞ്ഞു.മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന വാര്‍ത്തകളോടുള്ല ചോദ്യത്തിന് പിന്നീട് അറിയിക്കാമെന്നായിരുന്നു ബിനോയ് വിശ്വത്തിന്‍റെ മറുപടി. ബാക്കി തീരുമാനങ്ങൾ സിപിഐ നേതൃത്വം കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, നിലവിൽ മുഖ്യമന്ത്രി തലത്തിൽ ചർച്ച നടത്തുന്ന വിഷയമാണെന്നും അതിൽ കൂടുതലായി ഒന്നും പ്രതികരിക്കാനില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam