മന്ത്രിയുടെ വിമർശനത്തിന് പിന്നാലെ മനംമാറി എഐവൈഎഫ്; സമരത്തിൽ വേദന ഉണ്ടായെങ്കിൽ ഖേദം, ചൂണ്ടിക്കാണിച്ചത് ജാഗ്രതക്കുറവ്

Published : Oct 30, 2025, 05:12 PM IST
tt jismon, sivankutty

Synopsis

ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും എഐഎസ്എഫും എഐവൈഎഫും കൈകൊണ്ട നിലപാടുകൾ തികച്ചും ആശയപരം മാത്രമാണെന്നും ടിടി ജിസ്‌മോൻ പറഞ്ഞു. സിപിഐ മന്ത്രിമാർക്കെതിരേയും എഐവൈഎസ്എഫ്, എഐഎസ്എഫ് സമരത്തിനുമെതിരെ ശിവൻ കുട്ടിയുടെ രം​ഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഖേദ പ്രകടനവുമായി എഐവൈഎഫ് രംഗത്ത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ഖേദമുണ്ടെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോൻ പറഞ്ഞു. ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും എഐഎസ്എഫും- എഐവൈഎഫും കൈകൊണ്ട നിലപാടുകൾ തികച്ചും ആശയപരം മാത്രമാണെന്നും ടിടി ജിസ്‌മോൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു. സിപിഐ മന്ത്രിമാർക്കെതിരേയും എഐവൈഎഫ്, എഐഎസ്എഫ് എന്നീ സംഘടനകളുടെ സമരത്തിനുമെതിരെ മന്ത്രി ശിവൻ കുട്ടി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുള്ള ടിടി ജിസ്മോൻ്റെ പ്രസ്താവന വന്നത്. 

പിഎം ശ്രീ വിഷയത്തിൽ എഐഎസ്എഫ് - എഐവൈഎഫ് പ്രതിഷേധം അതിരു കടന്നുവെന്നും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നുമുള്ള മന്ത്രി ശിവൻ കുട്ടിയുടെ പരാമർശം ശ്രദ്ധയിൽ പെട്ടുവെന്നും ജിസ്മോൻ പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച തീരുമാനം തങ്ങളെ വേദനിപ്പിച്ചിരുന്നു. വിദ്യാഭ്യാസമേഖലയെയും ചരിത്ര സത്യങ്ങളെയും വർഗീയവൽകരിച്ച് വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ സമൂഹത്തില്‍ നട്ടുവളര്‍ത്താനുള്ള ഫാസിസ്റ്റുകളുടെ ശ്രമങ്ങൾക്കെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ജാഗ്രതയോട് കൂടി ഇനിയും സമര രംഗത്തേക്കിറങ്ങേണ്ടതുണ്ട് എന്ന് തന്നെയാണ് എഐവൈഎഫിന് പറയാനുള്ളത്. 

വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുമുള്ള ക്രിയാത്മകമായ നടപടികൾ മന്ത്രി വി ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കൈകൊണ്ടിട്ടുണ്ട്. മന്ത്രിയെന്ന നിലയിൽ മുൻ കയ്യെടുത്ത് നടപ്പാക്കുന്ന സാമൂഹ്യ നീതിയിലധിഷ്ഠിതമായ ഇടതുപക്ഷ സമീപനത്തിൻ്റെ ഫലമായി വിദ്യാഭ്യാസത്തിന്റെ ജനകീയ സ്വഭാവം നില നിർത്താൻ നമുക്ക് കഴിയുന്നത് കേരളത്തിന്നാകമാനം അഭിമാനർഹമാണെന്നും ടിടി ജിസ്മോൻ പറഞ്ഞു.

ശ്ലാഘനീയമായ നേട്ടങ്ങൾ അവകാശപ്പെടുമ്പോഴും നമ്മുടെ പ്രഖ്യാപിത നിലപാടിൽ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള പിഎം ശ്രീ വിഷയത്തിലെ ജാഗ്രതക്കുറവിനെ എഐഎസ്എഫും എഐവൈഎഫും ചൂണ്ടിക്കാണിക്കുക മാത്രമാണുണ്ടായത്. എഐവൈഎഫ് സമരവുമായിബന്ധപ്പെട്ട് ബഹുമാനപ്പെട്ട് മന്ത്രിക്ക് എതെങ്കിലും തരത്തിൽ വേദന ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും സമരങ്ങളിൽ സംഘടനയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി എന്തെങ്കിലും പ്രവർത്തനങ്ങളുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്നും ‌ടിടി ജിസ്‌മോൻ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്