
തിരുവനന്തപുരം: എൽഡിഎഫ്, യുഡിഎഫ് എതിര്‍പ്പിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് തുടക്കം. സംസ്ഥാനത്തെ എസ്ഐആർ ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്തു. രാജ് ഭവനിലാണ് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം തുടങ്ങിയത്. എല്ലാവരും സഹകരിക്കണമെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും സമഗ്രവും കൃത്യവും ആയ പട്ടിക വഴി സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സാധ്യമാകണമെന്നും ഗവർണർ പറഞ്ഞു. അതേ സമയം എസ്ഐആര്‍ ജനാധിപത്യ വിരുദ്ധ നീക്കമെന്ന് പ്രീയങ്ക ഗാന്ധി വിമര്‍ശിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗവർണർക്ക് എന്യൂമറേഷൻ ഫോം നൽകുകയും നടപടികൾ വിശദീകരിക്കുകയും ചെയ്തു.
തുടര്‍ നടപടികള്‍ തീരുമാനിക്കാൻ ബുധനാഴ്ച സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ചേരാനിരിക്കുമ്പോഴും എസ്ഐആര്‍ നടപ്പാക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ പൊലീസ് മേധാവിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നൽകി. ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിര്‍ദ്ദേശിച്ചത്. എസ്ഐആര്‍ നടപടികള്‍ക്കുള്ള പൊലീസ് സഹായം, കുടിയേറ്റ തൊഴിലാളികളെ കണ്ടെത്തൽ, സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കൽ തുടങ്ങിയവ ചര്‍ച്ചയായി. പരിശീലനം കഴിഞ്ഞ് ചൊവ്വാഴ്ച മുതൽ ബിഎൽഒമാര്‍ എന്യൂമറേഷൻ ഫോമുമായി വീടുകളിലെത്തും.
സംസ്ഥാനത്ത് തീവ്രവോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ, ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയപാർട്ടികളും എസ്ഐആർ നടപ്പാക്കുന്നതിനെ എതിർത്തു. അതേസമയം വോട്ടർ പട്ടിക പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ അറിയിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും ഒന്നിച്ച് നടപ്പാക്കാനാകില്ല. പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ വളഞ്ഞ വഴിയാണെന്ന് എതിർത്തുകൊണ്ട് കോൺഗ്രസും സിപിഎമ്മും പ്രതികരിച്ചു.
എസ്ഐആർ നീട്ടിവയ്ക്കണമെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കത്തിനോ നിയമസഭ പാസ്സാക്കിയ പ്രമേയത്തിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു വിലയും കൽപ്പിച്ചില്ല. ഈ വാദങ്ങള്‍ അക്കമിട്ട് നിരത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തെ സിപിഎമ്മും കോൺഗ്രസും ശക്തമായി എതിര്‍ത്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ്ഐആർ നീട്ടിവയ്ക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ദില്ലിയിൽ പോയി ആവശ്യപ്പെടണമെന്ന് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു. എന്നാൽ ഇതൊന്നും കേട്ട് എസ്ഐആർ നടപ്പാക്കുന്നതിൽ നിന്ന് പിന്മാറരുതെന്ന് ബിജെപി പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam