
മലപ്പുറം: എസ് എൻ ഡി പി - എൻ എസ് എസ് ഐക്യനീക്കം തടഞ്ഞത് മുസ്ലീം ലീഗാണെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശം വെറും ജല്പനം മാത്രമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ഇത്തരം ജൽപ്പനങ്ങൾ അർഹിക്കുന്ന അവഗണനയോടെ തള്ളുന്നുവെന്നും മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകോപിപ്പിച്ച് സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും എന്നാൽ ആ വലയിൽ മുസ്ലിം ലീഗ് വീഴില്ലെന്നും സലാം വ്യക്തമാക്കി. സമുദായിക സംഘടനകുളുടെ യോജിപ്പിലും പിളർപ്പിലും മുസ്ലീം ലീഗ് ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊക്കെ പറയുന്ന ആളും പറയിക്കുന്ന ആളും എന്താണ് ഉദ്ദേശിക്കുന്നതെന്ന് ജനങ്ങൾക്കറിയാം. പൊന്നാട അണിയിച്ച് കാറിൽ കയറ്റി കൊണ്ട് വന്ന് വെള്ളാപ്പള്ളിയെക്കൊണ്ട് ഇത് പറയിപ്പിക്കുന്നതാണെന്ന് എല്ലാവർക്കും മനസിലാകും. സി പി എമ്മിന്റെ പിന്തുണയോടെയാണ് വെള്ളാപ്പള്ളി ഇതൊക്കെ പറയുന്നത്. അതിന്റെ ഫലമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടത്. 'നായാടി മുതൽ നസ്രാണി വരെ' എന്ന മുദ്രാവാക്യം നരേന്ദ്ര മോദി ഇത്രയും കാലം ചെയ്തതാണെന്നും ഇത്തരം അഭിപ്രായങ്ങൾ സമൂഹത്തിന് ദോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയുടെതിന് സമാനമായ അഭിപ്രായം ആര് പറഞ്ഞാലും അത് സമൂഹത്തിനു ദോഷമാണെന്നും സലാം അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗിന്‍റെ സ്ഥാനാർഥി പരിഗണനയെക്കുറിച്ചും ജനറൽ സെക്രട്ടറി പ്രതികരിച്ചു. ലീഗിന്‍റെ പട്ടികയിൽ ഇത്തവണ വനിതാ പ്രതിനിധിയുണ്ടാകുമെന്നും സലാം അറിയിച്ചു. യൂത്ത് ലീഗ് അടക്കമുള്ള പോഷക സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ചാകും സ്ഥാനാർത്ഥി നിർണ്ണയം. പാർട്ടി ആവശ്യപ്പെട്ടാൽ താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മന്ത്രിസ്ഥാനം ഏതൊരു ലീഗ് പ്രവർത്തകനും ആഗ്രഹിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും കൂട്ടായ്മ മറ്റ് സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ലെന്നുമാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് പറഞ്ഞത്. താൻ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിം ലീഗിലെ വർഗീയതെയെയാണ് എതിർക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം മുതൽക്കേ എസ് എൻ ഡി പി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ളത്. നായർ - ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനില്ല. ലീഗ് നേതൃത്വം എസ് എൻ ഡി പി യോഗത്തെ മുൻനിർത്തി സമരങ്ങൾ നടത്തി. നായർ - ഈഴവ ഐക്യത്തോട് ലീഗ് യോജിച്ചില്ല. അന്ന് ഉന്നയിച്ച സംവരണകാര്യം മുന്നോട്ട് പോയില്ല. സംവരണം പറഞ്ഞ് എന്നെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ താൻ ചതിക്കപ്പെട്ടു. ലീഗ് ആണ് എൻ എസ് എസിനെയും എസ് എൻ ഡി പിയെയും തെറ്റിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ മുസ്ലിം വിരോധി അല്ല. മലപ്പുറം പരാമർശം വ്യാഖ്യാനിച്ച് തന്നെ വർഗീയ വാദിയാക്കുകയാണ് ചെയ്തതെന്നും മുസ്ലിം ലീഗിലെ വർഗീയതയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam