
പത്തനംതിട്ട: പോക്സോ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. നിരണം സ്വദേശി സജിത്ത് (32 ) ആണ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത്. പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇന്നലെ രാത്രി 11 മണിയോടെയാണ് പ്രതി വിദഗ്ധമായി രക്ഷപെട്ടത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ ഉച്ചയോടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പമ്പാ ഷുഗർ ഫാക്ടറുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പുളിക്കീഴ് പോലീസ് സ്റ്റേഷന്‍റെ പ്രവർത്തനം. സ്റ്റേഷനിൽ ലോക്കപ്പ് സംവിധാനം ഇല്ലാതിരുന്നതിനാൽ ഉൾവശത്തുള്ള മുറിയുടെ നിലത്ത് ഘടിപ്പിച്ചിരുന്ന ഇരുമ്പു കുറ്റിയിൽ ആണ് പ്രതിയെ കൈവിലങ്ങ് വെച്ച് സൂക്ഷിച്ചിരുന്നത്.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് കൈവിലങ്ങ് ഊരിയ പ്രതി പോലീസ് സ്റ്റേഷനിലെ മുൻ വാതിലിൽ കൂടിയാണ് ഓടി രക്ഷപ്പെട്ടത്. ഇതു കണ്ട പാറാവുകാരൻ ഉൾപ്പെടെയുള്ള പോലീസുകാർ പിന്നാലെ പാഞ്ഞെങ്കിലും പിടികൂടാനായില്ല. തിരുവല്ല - കായംകുളം സംസ്ഥാനപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്തോട് ചേർന്ന് കാട്ടിലേക്ക് ചാടി രക്ഷപെടുകയായിരുന്നു. പോലീസുകാർ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം സ്റ്റേഷനിൽ പ്രതിയെ സൂക്ഷിക്കാൻ വേണ്ട അടിസ്ഥാന സൗകര്യങൾ പോലുമില്ലാത്തതാണ് ഇത്തരം ബുദ്ധിമുട്ടുകൾക്ക് കാരണമെന്നാണ് പോലീസുകാർ ഉൾപ്പെടെ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam