ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്ന പത്മജ വേണുഗോപാലിന്റെ തീരുമാനത്തിൽ പ്രതികരിക്കാനില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മജ കെപിസിസി നേതൃത്വത്തിന് കത്ത് നൽകും. പത്മജയുടെ രാജി നിർഭാഗ്യകരമാണെങ്കിലും പാർട്ടിയെ ബാധിക്കില്ലെന്ന് ബിജെപി നേതൃത്വവും പ്രതികരിച്ചു.

കൊച്ചി: പത്മജയുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഇല്ലെന്ന് ആവർത്തിച്ച് കെ മുരളീധരൻ. പാർട്ടി തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും വ്യക്തിപരമായ അഭിപ്രായം പുറത്ത് പറയാൻ ഇല്ലെന്നും കെ മുരളീധരൻ ആവർത്തിച്ചു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും മറ്റു കാര്യങ്ങൾ തീരുമാനിക്കും. കൂടാതെ, പ്രതിപക്ഷ നേതാവിന് ഇപ്പോൾ പണി കുറവാണെന്നും ആ പണി മറ്റു ചിലർ എടുക്കുന്നുണ്ടെന്നും ബിജെപി വിട്ട് ആളുകൾ വരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ആരോഗ്യവകുപ്പിന്റെ മെക്കിട്ട് ആരും കയറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പത്മജ വേണുഗോപാൽ കത്ത് നൽകും. പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ പത്മജ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു. ഇന്നലെയാണ് ബിജെപി വിട്ട വിവരം പത്മജ ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്തുവിട്ടത്. പത്മജയുടെ മടങ്ങിവരവിൽ ചർച്ചകൾക്ക് ശേഷമാകും പാർട്ടിയുടെ തീരുമാനം. ബിജെപിയിൽ പോയത് തെറ്റായിപ്പോയെന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുന്നുവെന്നും പത്മജ വേണു​ഗോപാൽ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് രാജിക്കാര്യം പത്മജ വെളിപ്പെടുത്തിയത്. ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെ എടുത്തുചാടിയെന്നും പത്മജ പറഞ്ഞു. രാജിക്കാര്യം ആദ്യം അറിയിച്ചത് കെ മുരളീധരനെ മാത്രമെന്ന് വെളിപ്പെടുത്തിയ പത്മജ ചേട്ടനെ തിരിച്ചുകിട്ടി, അതാണ് സന്തോഷമെന്നും കൂട്ടിച്ചേര്‍ത്തു. പദവി കിട്ടാത്തതിനാലല്ല രാജിയെന്നും പത്മജ പറഞ്ഞു.

ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ല. താനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു. അതേസമയം, പത്മജയുടെ രാജിയിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നതെന്നും അതിനാല്‍ മറുപടി പറയേണ്ടയാൾ താനല്ലെന്നും സുരേഷ് ഗോപി പറ‍ഞ്ഞു. പത്മജയുടെ രാജി നിർഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ കെ അനീഷ് കുമാർ പ്രതികരിച്ചു. സ്നേഹോഷ്മളമായ ബന്ധമാണ് പത്മജയുമായി ഉള്ളതെന്നും പരാതികൾ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പത്മജയുടെ രാജി ബിജെപിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.