
തൊടുപുഴ: സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുളള അതിക്രമങ്ങൾ തുടർക്കഥയാകുമ്പോൾ ഇത് തടയാനുളള പോക്സോ കേസുകളിലെ വിചാരണ അനന്തമായി നീളുന്നു. ഒരു വർഷത്തിനകം നടപടികൾ പൂർത്തിയാക്കേണ്ട കേസുകളിൽ വർഷങ്ങളായിട്ടും വിചാരണ പോലും തുടങ്ങിയിട്ടില്ല. ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതും, പ്രതികളുടെ സ്വാധീനവും നടപടികൾ വൈകുന്നതിന് കാരണമാകുന്നുവെന്നാണ് ആരോപണം.
സംസ്ഥാനത്താകെ ആറായിരം പോക്സോ കേസുകളിലാണ് വിചാരണ ഇഴയുന്നത്. ക്രൂരമർദ്ദനത്തിനിരയായി ഏഴ് വയസുകാരൻ കൊല്ലപ്പെട്ട കേസ് പരിഗണിക്കുന്ന തൊടുപുഴ പോക്സോ കോടതിയിൽ തീരുമാനമാകാനുള്ളത് നാനൂറിലധികം കേസുകളാണ്. മാസങ്ങളായി തൊടുപുഴ പോക്സോ കോടതിയിൽ ജഡ്ജിയില്ല. ഇത് നിമിത്തം നൂറിലധികം കേസുകളിൽ കുറ്റപത്രം പോലും നൽകാനായിട്ടില്ല.
പോക്സോ നിയമമുണ്ടാക്കിയ 2012ൽ 77 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. എന്നാൽ 2018ൽ കേസുകളുടെ എണ്ണം 3,174ലേക്ക് ഉയർന്നു. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ മുന്നിലുളളത് മലപ്പുറം ജില്ലയാണ്. 2018ൽ രേഖപ്പെടുത്തിയത് 411 കേസുകൾ. തിരുവനന്തപുരത്ത് 375ഉം കണ്ണൂർ ജില്ലയിൽ 243 കേസുകളും കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ പെരുകുമ്പോഴും പ്രതികൾക്ക് ശിക്ഷ വൈകുന്നതിൽ രക്ഷിതാക്കൾക്കൊപ്പം നിയമ രംഗത്തുളളവരും ആശങ്കയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam