കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിൽ ശക്തമായ നടപടി; 17 പോക്‌സോ സ്‌പെഷ്യൽ കോടതികൾ ഉദ്ഘാടനം ചെയ്തു

By Web TeamFirst Published Jul 1, 2020, 10:37 AM IST
Highlights

കാരണങ്ങൾ സമഗ്രമായി വിലയിരുത്താനും അതിന്റെ അടിസ്ഥാനത്തിൽ പരിഹാരം കാണാനുമാണ് സർക്കാർ ശ്രമിക്കുന്നത്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് ശക്തമായ നടപടിയെടുക്കും. 
 

തിരുവനന്തപുരം: ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്ന നിയമപ്രകാരമുള്ള കേസുകളും (പോക്‌സോ) ബലാൽസംഗകേസുകളും വേഗത്തിൽ വിചാരണ ചെയ്ത് തീർപ്പുകൽപ്പിക്കുന്നതിന് സംസ്ഥാനത്ത് ആരംഭിക്കുന്ന 17 പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ചേർന്ന് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കോടതികളുടെ പ്രവർത്തനം ജൂലൈ ഒന്നു മുതൽ ആരംഭിക്കും.

പോക്‌സോ കേസുകളും ബലാൽസംഗ കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 28 പ്രത്യേക കോടതികൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചത്. അതിൽ 17 എണ്ണമാണ് ഇപ്പോൾ തുടങ്ങുന്നത്. 2020 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 7600 പോക്‌സോ കേസുകളും 6700 ബലാൽസംഗ കേസുകളും നിലവിലുണ്ട്. കുട്ടികൾക്കെതിരായുള്ള അക്രമങ്ങൾക്ക് പിന്നിൽ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ കാരണങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം കാരണങ്ങൾ സമഗ്രമായി വിലയിരുത്താനും അതിന്റെ അടിസ്ഥാനത്തിൽ പരിഹാരം കാണാനുമാണ് സർക്കാർ ശ്രമിക്കുന്നത്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് ശക്തമായ നടപടിയെടുക്കും. 

ഇയിടെ കേരള പൊലീസിന്റെ 117 ടീമുകൾ പങ്കെടുത്ത ഒരു റെയ്ഡിൽ ഒരു ഡോക്ടറുൾപ്പെടെ 89 പേരാണ് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. സ്വന്തം വീടുകളിൽ പോലും നമ്മുടെ കുഞ്ഞുങ്ങൾക്ക് അതിക്രമം നേരിടേണ്ടിവരുന്നു എന്ന വസ്തുതയാണ് ഈ അന്വേഷണത്തിൽ വ്യക്തമായത്. അതുകൊണ്ടുതന്നെ ഓപ്പറേഷൻ പി-ഹണ്ടിലൂടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്.  അതിനായി ഇന്റർപോളിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

click me!