പൊലീസ് നിയമ ഭേദ​ഗതി ജനാധിപത്യ വിരുദ്ധം; സർക്കാർ പിന്മാറാണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ

Web Desk   | Asianet News
Published : Nov 22, 2020, 05:41 PM IST
പൊലീസ് നിയമ ഭേദ​ഗതി ജനാധിപത്യ വിരുദ്ധം; സർക്കാർ പിന്മാറാണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ

Synopsis

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനാധിപത്യ വിരുദ്ധമെന്ന്           സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തകരും നിയമജ്ഞരും അഭിപ്രായപ്പെടുന്നു.  ജനാധിപത്യ വിരുദ്ധ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാണ് സംയുക്ത പ്രസ്താവനയിലൂടെ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. 

തിരുവനന്തപുരം: പൊലീസ് ആക്ടിൽ 118 എ വകുപ്പ് കൂട്ടിച്ചേർക്കുന്നതിനെതിരെ കവി സച്ചിദാനന്ദൻ അടക്കമുള്ള സാംസ്കാരികപ്രവർത്തകർ രം​ഗത്ത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനാധിപത്യ വിരുദ്ധമെന്ന്           സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തകരും നിയമജ്ഞരും അഭിപ്രായപ്പെടുന്നു.  ജനാധിപത്യ വിരുദ്ധ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാണ് സംയുക്ത പ്രസ്താവനയിലൂടെ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. 

സൈബര്‍ കുറ്റകത്യങ്ങള്‍ തടയുന്നതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുത്തി  സംസ്ഥാന സര്‍ക്കാർ  നിയമം കൊണ്ട് വന്നിരിക്കുകയാണ്. സ്ത്രീകളുടെ പരാതിയെ മുൻനിർത്തിയാണെങ്കിലും സ്ത്രീ സുരക്ഷക്കല്ല മറിച്ച് അമിതാധികാരത്തെ ബലപ്പെടുത്താനുള്ള ഒരുപാധി മാത്രമായി ഇത് മാറുമെന്നാണ് സാംസ്കാരിക പ്രവർത്തകർ പറയുന്നത്. അമിതാധികാര നിയമങ്ങളുടെ ചരിത്രവഴികൾ അതാണ് ഓർമ്മിപ്പിക്കുന്നത്.  ഇത് തീർത്തും  ജനാധിപത്യ വിരുദ്ധവും, അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള കൈകടത്തലുമാണെന്നു തങ്ങള്‍ കരുതുന്നു. 

പൊലീസ് ആക്ടില്‍ പുതുതായി 118-A എന്ന വകുപ്പ് കൂട്ടി ചേര്‍ക്കുന്നതിലൂടെ സൈബര്‍ കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാന്‍ പൊലീസിനു കഴിയുമെന്ന ന്യായമാണ് ഭേദഗതിയെ നീതികരിക്കുന്നതിനായി മുന്നോട്ടു വച്ചിട്ടുള്ളത്. പൊലീസിന് അമിതാധികാരം പ്രദാനം ചെയ്യുന്ന ഇത്തരം ഭേദഗതികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാണ്. വ്യക്തിയുടെ സല്‍പ്പേരിനും, കീര്‍ത്തിക്കും അപകീര്‍ത്തിയും, അപമാനവു, ഭീഷണിയും, അപകടത്തിനും ഇടയാക്കുന്ന തരത്തിലുള്ള ഉള്ളടക്കം വിവിധ തരത്തിലുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴി നിര്‍മിക്കുകയും, വിനിമയം ചെയ്യുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കുറ്റകരമാക്കുന്നതാണ് നിര്‍ദിഷ്ട ഭേദഗതി. അങ്ങനെയുളള പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിനു സ്വമേധയാ കേസ്സ് എടുക്കുന്നതിന് നിയമപരമായ അധികാരം നല്‍കുന്നതാണ് ഈ ഭേദഗതി എന്ന് ഇതിനകം തന്നെ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 

കുറ്റം തെളിഞ്ഞാല്‍ 5-കൊല്ലം തടവോ, അല്ലെങ്കില്‍ 10,000 രൂപ പിഴയോ അതുമല്ലെങ്കില്‍ തടവും, പിഴയും ചേര്‍ന്ന ശിക്ഷയാണ് ലഭിക്കുക. നിലവിലുളള നിയമങ്ങള്‍ പ്രകാരം തന്നെ മേല്‍പ്പറഞ്ഞ നിലയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് എതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. സ്ത്രീകളെ അപകീര്‍ത്തി പെടുത്തുന്നതിനെ തടയുന്നതിനും നിയമങ്ങള്‍ പ്രാബല്യത്തിലുണ്ട്. നിയമങ്ങളുടെ അഭാവമല്ല നിയമം നടപ്പിലാക്കുന്നതില്‍ പുലര്‍ത്തുന്ന അലംഭാവമാണ് പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു തുണയാവുന്നത്.

ഇന്റര്‍നെറ്റ് ലഭ്യതയും, സ്വകാര്യതയും  മൗലികാവശാമാക്കിയ സുപ്രീം കോടതി വിധികളുടെ ലംഘനമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഭേദഗതി. അവക്ത്യവും, അയഞ്ഞതുമായ പദാവലികള്‍ ഉപയോഗിക്കുന്നതിന്റെ അപകടം സുപ്രീം കോടതി വിധികളില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുള്ള വിഷയമാണെങ്കിലും അതിന്റെ ഉള്‍ക്കാഴ്ചകള്‍ ഒന്നും തന്നെ നിര്‍ദ്ദിഷ്ട ഭേദഗതി ഉള്‍ക്കൊണ്ടിട്ടില്ല. സൈബറിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ആക്രമണവും, വ്യക്തിഹത്യയും വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഭേദഗതിയുമായി മുന്നോട്ടു വരുന്നത്. സ്ത്രീകളുടെ അന്തസ്സും, വ്യക്തിത്വവും ഉറപ്പു വരുത്തുന്നതിനു പകരം സൈബര്‍ പോലീസിംഗിനു നിയമസാധുത നല്‍കുന്നതിനാണ് ഇപ്പോഴത്തെ നിയമം സഹായിക്കുക. ജനാധിപത്യ വിരുദ്ധവും, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ ഈ നിയമനിര്‍മാണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നു ബന്ധപ്പെട്ട അധികാരികളോടു തങ്ങള്‍ വിനീതമായി ആവശ്യപ്പെടുന്നു എന്നാണ് പ്രസ്താവനയുടെ ഉള്ളടക്കം.

ബി.ആർ.പി ഭാസ്ക്കർ, സച്ചിദാനന്ദൻ ,   ജെ.ദേവിക, എം.എൻ രാവുണ്ണി, ബി. രാജീവൻ,കെ.മുരളി, എം.കുഞ്ഞാമൻ,ഡോ: കെ.ടി റാം മോഹൻ, റഫീഖ് അഹമ്മദ്, സി.ആർ നീലകണ്ഠൻ, പി.എൻ ഗോപീകൃഷ്ണൻ, പ്രമോദ് പുഴങ്കര, ഡോ: പ്രിയ. പി  .പിള്ള, ശ്രീജ നെയ്യാറ്റിൻകര,കെ.പി .സേതുനാഥ്,കെ.സി ഉമേഷ് ബാബു,   യു.ജയചന്ദ്രൻ,എം.എം.. ഖാൻ.   ഡോ: പിഎൻ ജയചന്ദ്രൻ ,സി.പി .റഷീദ്അഡ്വ: തുഷാർ നിർമ്മൽ സാരഥി,      
അഡ്വ: പി.എ പൗരൻ,അഡ്വ: കസ്തൂരി ദേവൻ, സുനിൽ മക്തബ്,  ജോണി എം.എൽ, റാസിക്ക് റഹീം,   ജേക്കബ് ലാസർ, ആർ.അജയൻ,    എ.എം വിനോദ്,വി വേണുഗോപാൽ തുടങ്ങിയവരെല്ലാം പ്രസ്താവനയിൽ ഒപ്പു വച്ചിട്ടുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം
ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന