കളമശ്ശേരി ഭൂസമരം; എല്‍ഡിഎഫിന്‍റെ കുടിലുകള്‍ പൊളിച്ച് നീക്കാന്‍ പൊലീസ്, പ്രതിരോധിക്കുമെന്ന് സമരക്കാര്‍

By Web TeamFirst Published Jan 15, 2020, 11:14 AM IST
Highlights

യുഡിഎഫ് ഭരണത്തിലുള്ള നഗരസഭ ലൈഫ് പദ്ധതി വൈകിപ്പിക്കുകയാണെന്നാണ് എല്‍ഡിഎഫിന്‍റെ ആരോപണം. 

എറണാകുളം: കളമശ്ശേരിയില്‍ ലൈഫ് പദ്ധതിക്ക് നഗരസഭയുടെ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന കുടില്‍കെട്ടി സമരത്തിനെതിരെ പൊലീസ്. ഇടതുമുന്നണിയുടെ കുടിലുകള്‍ പൊളിച്ച് നീക്കാന്‍ പൊലീസെത്തി. കയ്യേറ്റം ഒഴിപ്പിക്കാൻ പൊലീസിന്‍റെ സംരക്ഷണം ആവശ്യപ്പെട്ട് നഗരസഭ കത്ത് നല്‍കിയതിന് പിന്നാലെയാണ് നടപടി. എന്നാല്‍ പൊലീസ് നടപടി അംഗീകരിക്കില്ലെന്നും പ്രതിരോധിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെയാണ് കളമശ്ശേരി നഗരസഭയുടെ അഞ്ചേക്കർ ഭൂമി കയ്യേറി എല്‍ഡിഎഫ് സമരം തുടങ്ങിയത്.

യുഡിഎഫ് ഭരണത്തിലുള്ള നഗരസഭ ലൈഫ് പദ്ധതി വൈകിപ്പിക്കുകയാണെന്നാണ് എല്‍ഡിഎഫിന്‍റെ ആരോപണം. സംസ്ഥാന സർക്കാരിന്‍റെ ലൈഫ് പദ്ധതി പ്രകാരം 1007 പേരാണ് കളമശ്ശേരി നഗരസഭയില്‍ വീടിന് വേണ്ടി അപേക്ഷിച്ചത്. ഇതില്‍ 444 പേർക്ക് അർഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ വീടുകള്‍ നിർമ്മിച്ചുനല്‍കാനുള്ള സ്ഥലം ഏറ്റെടുക്കാൻ തയാറാകാതെ, യുഡിഎഫ് ഭരിക്കുന്ന നഗരസഭ, പദ്ധതി വൈകിപ്പിക്കുകയാണെന്നാണ് എല്‍ഡിഎഫിന്‍റെ ആരോപണം.  നഗരസഭയ്ക്ക് സ്വന്തമായി അഞ്ചേക്കർ ഭൂമിയുണ്ടായിട്ടും വേറെ ഭൂമിക്കായി അനുമതി കാത്ത് സമയം കളയുകയാണെന്ന് സമരക്കാർ പറയുന്നു. വിഷയം നഗരസഭാ കൗണ്‍സില്‍ യോഗത്തിലും ബഹളത്തിനിടയാക്കിയിരുന്നു.

കയ്യേറ്റം ഒഴിപ്പിക്കാൻ പൊലീസിന്‍റെ സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു നഗരസഭ നേരത്തെ കത്ത് നല്‍കിയത്. തുടർന്ന് പൊലീസ് സമരക്കാരെ ഒഴിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പദ്ധതി നടപ്പിലാക്കാൻ നഗരസഭ തയാറാകാതെ ഭൂമിയില്‍ നിന്നൊഴിയില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. സമരക്കാർ ആവശ്യപ്പെടുന്നത് ചതുപ്പ് നിലമാണെന്നും സർക്കാർ ഭൂമി തരംമാറ്റാതെ അവിടെ വീട് നിർമ്മിക്കാനാകില്ലെന്നുമാണ് നഗരസഭയുടെ നിലപാട്. ഇതിന് പിന്നാലെയാണ് പൊലീസെത്തി സമരക്കാരെ ഒഴിപ്പിക്കാന്‍ നീക്കം നടത്തുന്നത്. 


 

click me!