
തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമഭേദഗതി അനുസരിച്ച് പരാതികളിൽ ഉടൻ നടപടിയുണ്ടാകില്ല. പരാതികൾ പരിശോധന നടത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സമിതികൾ ഉണ്ടാക്കാനാണ് ശ്രമം. രണ്ട് ദിവസത്തിനുള്ളിൽ പൊലീസ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കും.
മാധ്യമസ്വാതന്ത്രത്തിനും അഭിപ്രായപ്രകടനത്തിനും പൊലീസ് നിയമഭേദഗതി തടയിടുമെന്ന വ്യാപക വിമർശനം ഉയർന്നതോടെയാണ് മാർഗ നിർദ്ദേശം കൊണ്ടുവരാൻ ഡിജിപി തീരുമാനിച്ചത്. നിലവിൽ ഒരു പൊലീസ് സ്റ്റേഷനിൽ പുതിയ ഭേദഗതി പ്രകാരം ഒരു പരാതിയെത്തിയാൽ അപ്പോൾ തന്നെ കേസെടുക്കേണ്ടെന്നാണ് ധാരണ. പരാതി പരിശോധിച്ച് തുടർനടപടി എടുക്കാനായി സമിതിയെ വെക്കാനാണ് സാധ്യത. ഓരോ സബ് ഡിവിഷനിലും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സമിതിയോ ജില്ലാ തല സമിതിയോ ഇതിനായി രൂപീകരിക്കും. ഈ സമിതികള്‍ അനുമതി നൽകുന്ന പരാതികളിലാകും കേസെടുക്കുക.
കേസ് എങ്ങിനെ രജിസ്റ്റർ ചെയ്യണം, അന്വേഷണം എങ്ങിനെ നടത്തണം, പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ അറസ്റ്റിലേക്ക് എങ്ങനെ നീങ്ങണം തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കി രണ്ട് ദിവസത്തിനുള്ളിൽ മാർഗനിർദ്ദേശം പുറത്തിറക്കും. നിയമ വിദഗ്ധരുടെയും അഭിപ്രായം പൊലീസ് തേടിയിട്ടുണ്ട്. പക്ഷെ പുതിയ ഓർഡിനൻസിൽ മാറ്റം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നില്ല. ഭേദഗതിയെ ചോദ്യം ചെയ്ത കോടതികളിലേക്ക് നീങ്ങാനും ചില സംഘടകള്‍ തയ്യാറെടുക്കുന്നുണ്ട്. ഭരണഘടന വിരുദ്ധമാണ് ഭേഗതിയെന്നക്ഷേപവുമായി മാധ്യമപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
അതേസമയം, പൊലീസ് നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പുമായി സിപിഎം കേന്ദ്ര നേതൃത്വം രംഗത്തെത്തി. തിരുത്തലിന് ഉടൻ സിപിഎം പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നൽകിയേക്കും. നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് സംസാരിച്ചു. തിരുത്തൽ എങ്ങനെ വേണമെന്ന് നാളെയോടെ തീരുമാനിക്കാനാണ് സാധ്യത. നിയമഭേദഗതിക്കെതിരെ ഉയര്‍ന്ന ക്രിയാത്മക നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam