
കോഴിക്കോട്: വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ കൂടി കോഴിക്കോട് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍ക്കോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ രണ്ടു പേര്‍ ഇന്നലെ പിടിയിലായിരുന്നു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ 16കാരിയെ പന്തീരാങ്കാവിലെ ഫ്ലാറ്റില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണ് പെരിന്തല്‍മണ്ണ സ്വദേശിയായ 16 കാരി. ബസ് കയറി നേരെയെത്തിയത് കോഴിക്കോട് നഗരത്തിലായിരുന്നു. ബീച്ചില്‍ വെച്ച് പിറ്റേന്ന് പുലര്‍ച്ചെ പ്രതികളായ മുഹമ്മദ് ഷമീമിനേയും, മുഹമ്മദ് റയീസിനേയും പരിചയപ്പെട്ടു. ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇവര്‍ സുഹൃത്തുക്കളായ മുഖ്യ പ്രതികളുടെ പന്തീരാങ്കാവിലെ ഫ്ലാറ്റിലേക്ക് പെണ്‍കുട്ടിയെ കൊണ്ടു പോയത്. അവിടെ വെച്ച് മുഖ്യപ്രതികളായ പുതുപ്പാടി സ്വദേശി മുഹമ്മദ് സാലിഹും, ഷബീര്‍ അലിയും ചേര്‍ന്ന് പെണ്‍കുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. 22ന് അര്‍ധരാത്രിയോടെ പെണ്‍കുട്ടിയെ ബീച്ചില്‍ കൊണ്ടു വിട്ട ശേഷം മുഹമ്മദ് ഷമീമും മുഹമ്മദ് റയീസും മുങ്ങി. വനിതാ പൊലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.
പെണ്‍കുട്ടി നല്‍കിയ വിവരമനുസരിച്ച് ഫ്ലാറ്റ് തിരിച്ചറിഞ്ഞ പൊലീസ് പ്രധാന പ്രതികളായ മുഹമ്മദ് സാലിഹിനേയും, ഷബീര്‍ അലിയേയും ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു. പന്തിരിക്കര സ്വദേശിയായ ഇര്‍ഷാദിനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് സ്വാലിഹ്. ഇവരില്‍ നിന്നും കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാസര്‍ക്കോട് സ്വദേശികളായ മുഹമ്മദ് ഷമീമും, മുഹമ്മദ് റയീസും അറസ്റ്റിലായത്. ജോലി തേടി കോഴിക്കോടെത്തിയ ഇരുവരും സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് പെണ്‍കുട്ടിയെ മുഖ്യപ്രതികള്‍ക്ക് എത്തിച്ചു കൊടുത്തതെന്ന് പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയെ പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam