
തിരുവനന്തപുരം: പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടിയില്ല. കൊല്ലം തെൻമല സ്വദേശി രാജീവിനെ കരണത്തടിച്ച ശേഷം സ്റ്റേഷനിൽ കെട്ടിയിട്ട എസ്ഐ അടക്കമുള്ളവർക്കെതിരെ നടപടി എടുക്കണമെന്ന റിപ്പോർട്ടിലാണ് അഞ്ച് മാസമായിട്ടും ഇതുവരെ നടപടി സ്വീകരിക്കാത്തത്. ഇന്നും രാജീവും കുടുംബവും പൊലീസിനെ പേടിച്ചാണ് കഴിയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പരമ്പര 'ഇതാവരുത് പൊലീസ്'
ഫെബ്രുവരി മൂന്നിന് തെൻമല സ്റ്റേഷനിലുണ്ടായ ദുരനുഭവത്തിന്‍റെ ഞെട്ടല്‍ ഇതുവരെ രാജീവിനും കുടുംബത്തിനും വിട്ടുമാറിയിട്ടില്ല. ഫോണിലൂടെ ബന്ധു അസഭ്യം പറഞ്ഞതിലെ പരാതി നല്‍കാനാണ് രാജീവ് സ്റ്റേഷനിലെത്തിയത്. പരാതിയുടെ രസീത് ചോദിച്ചതിനാണ് സിഐ വിശ്വംഭരൻ കരണത്തടിച്ചത്. രാജീവിന്‍റെ പോക്കറ്റിലുണ്ടായിരുന്ന ഫോണിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
ഇതുമനസിലാക്കിയ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന് രാജീവിനെതിരെ കേസെടുത്ത് തന്ത്രപൂര്‍വ്വം ഫോണ്‍ കൈക്കലാക്കി, തൊണ്ടി മുതലാക്കി. ഫോണിലെ ദൃശ്യങ്ങള്‍ മായ്ക്കാൻ രാജിവിനേയും കൊണ്ട് പുനലൂരിലെ മൊബൈല്‍ ഷോപ്പുകളില്‍ പൊലീസ് കയറിയിറങ്ങി. തല്ലുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സിഐ വിശ്വംഭരന്‍റെ നിര്‍ദേശപ്രകാരം എസ്ഐ രഹസ്യമായി ഒത്ത് തീര്‍പ്പിനെത്തിയിരുന്നു.
പക്ഷേ വഴങ്ങാതിരുന്ന രാജീവ് കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. തുടര്‍ന്ന് പൊലീസിന് വീഴ്ച ഉണ്ടായെന്ന് ഡിവൈഎസ്പി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. രാജീവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും സ്റ്റേഷനില്‍ കെട്ടിയിട്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസ് സേനയ്ക്ക് കളങ്കം വരുത്തിയ സിഐ വിശ്വംഭരൻ, എസ്ഐ ശാലു എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍ പക്ഷേ കഴിഞ്ഞ അഞ്ച് മാസമായിട്ടും നടപടി ഉണ്ടായിട്ടില്ല.
സിഐ തിരുവനന്തപുരത്തും എസ്ഐ തെൻമലയിലും ഒരു പോറല്‍ മേല്‍ക്കാതെ ജോലി തുടരുകയാണ്. തന്‍റെ കുഞ്ഞുങ്ങളുടെ പഠനത്തിന്‍റെ നോട്ടുകള്‍ എല്ലാം പൊലീസ് പിടിച്ചെടുത്ത ഫോണിലാണെന്ന് രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതെങ്കിലും തിരിച്ച് തരണമെന്നാണ് രാജീവ് അപേക്ഷിക്കുന്നത്. ഫോണ്‍ തിരിച്ച് ചോദിച്ചപ്പോള്‍ സിഐ സാറിന്‍റെ ജോലി കളഞ്ഞിട്ട് നിന്‍റെ മക്കള്‍ പഠിക്കേണ്ട എന്നായിരുന്നു മറുപടിയെന്നും രാജീവ് പറയുന്നു. കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ആരും ജോലി പോലും നല്‍കാത്ത അവസ്ഥയാണെന്നും എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്നും രാജീവ് പറഞ്ഞു.
(ഞങ്ങളീ വാര്‍ത്ത ചിത്രീകരിച്ച് മണിക്കൂറുകള്‍ക്കം ഇവിടെ വീണ്ടും പൊലീസെത്തി. പഴയ കേസില്‍ ചില വിവരങ്ങള്‍ ചോദിക്കാൻ സ്റ്റേഷനിലെത്തണമെന്നാണ് ആവശ്യപ്പെട്ടത്)
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam