പൊലീസ് അതിക്രമത്തിൽ സിപിഐ വെട്ടിൽ: എൽദോയുടെ കൈ ഒടിഞ്ഞിട്ടില്ല, പരിക്ക് വ്യാജമെന്ന് പൊലീസ്

By Web TeamFirst Published Jul 27, 2019, 9:52 AM IST
Highlights

എംഎൽഎയുടെ കൈ പൊലീസ് തല്ലിയൊടിച്ചെന്നായിരുന്നു സിപിഐയുടെ പ്രധാന ആരോപണം. കൈക്ക് പൊട്ടലില്ലെന്ന് മെഡിക്കൽ റിപ്പോര്‍ട്ട് പൊലീസ് ഹാജരാക്കിയതോടെ ആ വാദം പൊളിഞ്ഞെന്ന് മാത്രമല്ല ആരോപണത്തിന്‍റെ പേരിൽ എറണാകുളം ജില്ലാ നേതൃത്വം കടുത്ത പ്രതിരോധത്തിലുമായി. 

കൊച്ചി: ലാത്തിച്ചാര്‍ജ്ജിനിടെ പൊലീസ് കൈ തല്ലിയൊടിച്ചെന്ന എൽദോ എബ്രഹാം എംഎൽഎയുടെ ആരോപണം പൊളിയുന്നു. ആരോപണം വ്യാജമാമെന്ന പൊലീസ് വാദത്തിന് പിന്നാലെ എംഎൽഎയുടെ കൈക്ക് പൊട്ടലില്ലെന്നാണ്  മെഡിക്കൽ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.  എംഎൽഎയുടെ കയ്യിലെ എല്ലുകൾക്ക് ഒരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് വ്യക്തമായി പറയുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഈ റിപ്പോർട്ട് തഹസിൽദാർ ജില്ലാ കളക്ടർക്ക് കൈമാറി. മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

പൊലീസ് അതിക്രമത്തിൽ കൈക്ക് പൊട്ടലുണ്ടെന്നായിരുന്നു എംഎൽഎ എൽദോ എബ്രഹാമിന്‍റെ ആരോപണം. ഭരണ കക്ഷി എംഎൽഎയുടെ കൈ പൊലീസ് തല്ലിയൊടിച്ച സംഭവം സിപിഐക്ക് അകത്തും കനത്ത അമര്‍ഷത്തിനിടയാക്കിയിരുന്നു. മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികളാകെ സംഭവത്തെ അപലപിച്ച് രംഗത്തെത്തുക കൂടി ചെയ്തതോടെയാണ് സംഭവം വലിയ വിവാദമാകുന്നത്.

 എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞത്: 

"

സിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഡിഐജി ഓഫീസ് മാര്‍ച്ചും തുടര്‍ന്ന് നടന്ന സംഭവങ്ങളിലും സിപിഐ സംസ്ഥാന നേതൃത്വം കൈക്കൊണ്ട നിലപാടും ഏറെ വിമര്‍ശന വിധേയമായിരുന്നു. പൊലീസ് അതിക്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന് വീട്ടിലിരുന്ന എംഎംഎൽക്ക് അല്ലല്ലോ തല്ല് കൊണ്ടത് എന്ന് പ്രതികരിച്ച കാനം രാജേന്ദ്രൻ അതിക്രമത്തെ ന്യായീകരിക്കുകയാണെന്ന വിമര്‍ശനം വരെ ഉണ്ടായി.

കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ കനത്ത വിമർശനം ഉയർന്നിരുന്നു. പാര്‍ട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞതെന്നും ലാത്തിചാര്‍ജ് വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അംഗങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരിക്ക് പറ്റിയിട്ടില്ലെന്ന മെഡിക്കൽ റിപ്പോര്‍ട്ട് പുറത്തായതോടെ ജില്ലാ നേതൃത്വം പൂര്‍ണ്ണമായും വെട്ടിലായ അവസ്ഥയിലാണ്.

 "

എന്നാൽ പൊലീസ് അതിക്രമക്കേസിന്‍റെ തുടക്കം മുതൽ കരുതലോടെയാണ് സംസ്ഥാന നേതൃത്വം പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് സമഗ്രമായി റിപ്പോര്‍ട്ട് കളക്ടര്‍ തയ്യാറാക്കി സമര്‍പ്പിച്ച ശേഷമാകാം തുടര്‍ നടപടി എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. മാത്രമല്ല ഡിഐജി ഓഫീസ് മാർച്ച് ലാത്തിച്ചാർജ് വിവാദത്തിൽ എറണാകുളം ജില്ലാ സെക്രട്ടറിക്ക് വീഴ്ചയെന്ന വിലയിരുത്തലും സിപിഐ സംസ്ഥാന നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്. ‍‍

ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയത് പാർട്ടി അറിയാതെയാണെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. പൊലീസ് സ്റ്റേഷൻ മാർച്ചിനാണ് സംസ്ഥാനകമ്മിറ്റി അനുമതി നൽകിയതെന്നാണ് വിശദീകരണം. അക്രമം ഇല്ലാതെ സമാധാനപരമായ മാർച്ചിനായിരുന്നു നിർദേശമെന്നും ജില്ലാകമ്മിറ്റി ഈ നിർദേശം അട്ടിമറിച്ചെന്നും സംസ്ഥാനനേതൃത്വം ആരോപിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള ജില്ലാ കളക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷം പാർട്ടിക്കുള്ളിൽ അന്വേഷണവും നടപടികളും ഉണ്ടായേക്കും.

click me!