Latest Videos

ആദ്യം അടിച്ചത് എഎസ്ഐ, പിന്നാലെ സൈനികന്‍ തിരിച്ചടിച്ചു, അടിപിടിക്കിടെ 2 പേരും വീണു-സിസിടിവി ദൃശ്യം

By Web TeamFirst Published Oct 21, 2022, 3:32 PM IST
Highlights

സൈനികനെ ആദ്യം അടിച്ചത് റൈറ്റര്‍ പ്രകാശ് ചന്ദ്രനാണ്. മുഖത്ത് അടിയേറ്റ സൈനികന്‍ തിരിച്ചടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അടിപിടിക്കിടെ ഇരുവരും നിലത്ത് വീണു. 

കൊല്ലം: കിളികൊല്ലൂർ മർദനത്തിൽ സ്റ്റേഷനിലെ സിസിടിവിയിലെ ഒരുഭാഗം പുറത്തുവിട്ട് പൊലീസ്. തർക്കത്തിനൊടുവിൽ സൈനികനായ വിഷ്ണുവിന്‍റെ മുഖത്ത് ആദ്യം അടിക്കുന്നത് എഎസ്ഐ ആയ പ്രകാശ് ചന്ദ്രനാണ്. അടിയേറ്റ സൈനികൻ തിരിച്ചടിക്കുന്നതും ഇരുവരും നിലത്ത് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. വിഷ്‌ണുവാണ് പൊലീസിനെ ആദ്യം ആക്രമിച്ചതെന്ന പൊലീസ് റിപ്പോർട്ട് ശരിയല്ല എന്ന് തെളിയിക്കുന്നതാണ് പൊലീസ് തന്നെ പുറത്തുവിട്ട ദൃശ്യങ്ങൾ.

ആദ്യം മുതലേ കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാൻ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥർ തന്നെയാണ് സി സി ടി വി ദൃശ്യങ്ങൾ പുറത്തു വിട്ടത്. 2 മിനുട്ടും 24 സെക്കന്‍റും മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ  സ്റ്റേഷനിലേക്ക് വിഷ്ണു എത്തുന്നതും വനിതാ എസ് ഐയോട് പരാതി പറയുന്നതും വ്യക്തമാണ്. ഇതിനിടയിലാണ് എഎസ്ഐ പ്രകാശ് ചന്ദ്രൻ വിഷ്ണുവിന്‍റെ മുഖത്ത് ആഞ്ഞടിച്ചത്. പിന്നാലെ വിഷ്ണുവും തിരിച്ചടിച്ചു. സംഘർഷത്തിൽ നിലത്തു വീണ സൈനികന്‍റെ ഷർട്ട് എഎസ്ഐ വലിച്ചുകീറി. ആദ്യം അക്രമിച്ചത് വിഷ്ണു എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. പോലീസ് തന്നെ പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ ഇതും പൊളിഞ്ഞു. 

സിസിടിവി ദൃശ്യങ്ങൾ മുഴുവനായും പുറത്തു വിടണമെന്ന് വിഘ്‌നേഷ് അവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരെ സംരക്ഷിക്കുകയാണ്. ഇതിനാൽ പൊലീസിൽ നിന്നും നീതി ലഭിക്കില്ലെന്നാണ് വിഘ്‌നേഷിന്‍റെ പ്രതികരണം. കോടതിയിൽ  സ്വകാര്യ അന്യായം നൽകാനാണ് കുടുംബത്തിന്‍റെ തീരുമാനം. 

എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചുവരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍‍ദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്‍റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചമച്ചത്. ലഹരി കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.

കേസ് കെട്ടിച്ചമച്ചാണ് യുവാക്കളെ മര്‍ദ്ദിച്ചതെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടും ആദ്യം കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നില്ല. സിഐയും എസ്ഐയും യുവാക്കളെ മര്‍ദ്ദിച്ചിട്ടില്ലെന്നായിരുന്നു കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. എസ്ഐ അടക്കം നാല് പേരെ അവരുടെ വീടിന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ഉണ്ടായത്. സിഐ കെ വിനോദിനെതിരെ നടപടിയൊന്നും ഉണ്ടായതുമില്ല. ഇതിന് പിന്നാലെ പ്രതിഷേധം രൂക്ഷമായി മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. സിഐ കെ.വിനോദ്, എസ്ഐ അനീഷ് ,ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ , സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. 
 

click me!