ചൂരല് കൊണ്ട് തല്ലി; മുഖത്ത് തൊഴിച്ചു: ആദിത്യന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്

Published : May 25, 2019, 02:54 PM IST
ചൂരല് കൊണ്ട് തല്ലി; മുഖത്ത് തൊഴിച്ചു: ആദിത്യന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്

Synopsis

അശ്ലീല ചുവയോടെ കളിയാക്കിയെന്നും മറ്റ് പ്രതികളെപ്പറ്റി പറഞ്ഞ‌ാല്‍ നിന്നെ മാപ്പ് സാക്ഷിയാക്കാമെന്നും പറഞ്ഞെന്നതടക്കം പൊലീസിനെതിരെ ഗുരുതര പരാതികളാണ് ആദിത്യന്‍ കാക്കനാട് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നത്

കൊച്ചി: സീറോ മലബാർ സഭ വ്യാജ രേഖ കേസിൽ അറസ്റ്റിലായ ആദിത്യൻ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിപകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്. വൈദികരുടെ പേര് പറയിപ്പിക്കാൻ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും മർദ്ദനം പേടിച്ചാണ് വൈദികരുടെ പേര് പറഞ്ഞതെന്നും ആദിത്യൻ മജിസ്ട്രേറ്റിന് മൊഴി നൽകി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ക്രൂരമായി മർദിച്ചത്.  മുഖത്തും നെഞ്ചിലും പൊലീസ് പലതവണ മർദ്ദിച്ചു. കുരുമുളക് കണ്ണില്‍ വിതറുമെന്ന് ഭീഷണിപ്പെടുത്തി. ചൂരലുകൊണ്ട് കാലില്‍ തല്ലുകയും ചെയ്തുവെന്ന് ആദിത്യൻ മജിസ്ട്രേറ്റിന് മൊഴി നൽകി. 

അശ്ലീല ചുവയോടെ കളിയാക്കിയെന്നും മറ്റ് പ്രതികളെപ്പറ്റി പറഞ്ഞ‌ാല്‍ നിന്നെ മാപ്പ് സാക്ഷിയാക്കാമെന്നും പറഞ്ഞെന്നതടക്കം പൊലീസിനെതിരെ ഗുരുതര പരാതികളാണ് ആദിത്യന്‍ കാക്കനാട് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. അറസ്റ്റിലായ ആദിത്യനെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് വീണ്ടും കോടതി മുമ്പാകെ ഹാജരാക്കിയത്. രഹസ്യ മൊഴിയെടുക്കും മുമ്പ് തന്നെ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദിത്യന്‍ രംഗത്തെത്തിയിരുന്നു. വൈദികർക്കെതിരെ മൊഴി നൽകാൻ പൊലീസ് മർദ്ദിച്ചുവെന്നും കാലിലെ നഖം പിഴുതെടുക്കാന്‍ ശ്രമിച്ചുവെന്നും കോടതിയില്‍ പറഞ്ഞിരുന്നു. കാൽ വെള്ളയിൽ നിരവധി വട്ടം അടിച്ചുവെന്നും ഫാദര്‍ ടോണി കല്ലൂക്കാരന്ടെ പേര് പറയാൻ നിർബന്ധിച്ചായിരുന്നു മര്‍ദ്ദനമെന്നും ആദിത്യന്‍ കോടതി പറഞ്ഞതിനെത്തുടർന്നാണ് ആദിത്യന്‍റെ രഹസ്യമൊഴിയെടുക്കാൻ തീരുമാനമായത്. 
 
കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക്ക്‌ അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ്‌ മാനത്തോടത്ത് പ്രതികരിച്ചിരുന്നു. കർദ്ദിനാളിനും ബിഷപ്പുമാർക്കും സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്ന് പറയുന്ന രേഖകൾ വ്യാജമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സഭയിലെ വൈദികർക്കെതിരെ മൊഴി നൽകുന്നതിന് മകനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വെച്ച് പൊലീസ് പീഡിപ്പിച്ചെന്ന് പ്രതി ആദിത്യന്‍റെ പിതാവ് സക്കറിയയും ആരോപണവുമായി രംഗത്തെത്തിയിരുന്നു. 

കര്‍ദ്ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരിക്കെതിരെ മുരിങ്ങൂർ സാന്റോസ് നഗർ പള്ളി വികാരി ഫാദർ ടോണി കല്ലൂക്കാരൻ പറഞ്ഞിട്ടാണ് എറണാകുളം കോതുരുത്ത് സ്വദേശി ആദിത്യൻ വ്യാജ രേഖ നിർമ്മിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ പൊലീസ് അന്വേഷണം ശരിയായദിശയിൽ അല്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക്ക്‌ അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ്‌ മാനത്തോടത്ത് ആരോപിക്കുന്നു. സ്വകാര്യ സ്ഥാപനത്തിലെ സെർവ്വറിലെ സ്ക്രീൻ ഷോട്ട് കൃത്രിമമല്ല. എന്നാൽ കർദ്ദിനാളിനും ബിഷപ്പുമാർക്കും നിക്ഷേപമുണ്ടെന്ന് പറയുന്ന രേഖയിലെ വസ്തുതകളിൽ കൂടുതൽ അന്വേഷണം വേണമെന്നും അദ്ദേഹം പറയുന്നു.

തിരക്കഥ തയ്യാറാക്കിയാണ് പൊലീസ് അന്വേഷണമെന്ന് വൈദികസമിതി അംഗങ്ങൾ തുറന്നടിച്ചു. രേഖ വ്യാജമാണെന്ന് പറഞ്ഞ് ഭൂമി ഇടപാട് കേസ് അട്ടിമറിക്കാൻ ശ്രമമെന്നും വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടൻ ആരോപിച്ചു. മകനെ പൊലീസ് മർദ്ദിച്ചെന്നും, ഫാദർ പോൾ തോലക്കാട്, ഫാദർ. ടോണി കല്ലൂക്കാരന്‍ എന്നിവരുടെ പേരുകൾ പറയണമെന്ന് ഭീഷപ്പെടുത്തിയാണ് മർദ്ദിച്ചതെന്നും പിതാവ് സക്കറിയ ആരോപിച്ചു. കർദ്ദിനാളിനെതിരെ പുറത്ത് വന്നത് വ്യാജ രേഖ അല്ലെന്ന് അപോസ്തോലിക് അഡ്മിനിസ്ട്രേറ്റർ കൂടി നിലപാടെടുക്കുന്നതോടെ വ്യാജ രേഖാ വിവാദം സഭയിൽ കൂടുതൽ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്
പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ