
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ പതിനൊന്നാം ദിനവും പിടികൂടാനാകാതെ പൊലീസ്. പൊലീസ് ശേഖരിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ഇന്നലെ സി.ഡാക്കിന് കൈമാറിയിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ വാഹനനമ്പർ ഉൾപ്പടെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടും പ്രതിയെ പിടികൂടാത്തതിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നും മാത്രമാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
എകെജി സെൻ്ററിലേക്ക് മോട്ടോർ ബൈക്കിലെത്തിയ ആൾ സ്ഫോടക വസ്തു എറിഞ്ഞിട്ട് 11 ദിവസം കഴിഞ്ഞു. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. അൻപതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. അക്രമി സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിയാൻ ദൃശ്യങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാൻ സിഡിറ്റിൻ്റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സംശയം തോന്നിയ മറ്റ് നിരവധി പേരെയും ചോദ്യം ചെയ്ത് വിട്ടയച്ചു.
സിപിഎം നേതാക്കൾ ആരോപിച്ചപോലെ സ്ഫോടക വസ്തു മാരക പ്രഹര ശേഷിയുള്ളതല്ലെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്സാണെന്ന് ഉറപ്പിച്ച് പറഞ്ഞ ഇ പി ജയരാജനടക്കമുള്ള നേതാക്കൾ നിലപാട് പിന്നീട് മയപ്പെടുത്തി. അന്വേഷണത്തിന് സമയമെടുക്കുമെന്നാണ് ഇന്നലെ മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്.
ജൂൺ മുപ്പതിന് രാത്രി 11.45-ഓട് കൂടിയാണ് മോട്ടോർ ബൈക്കിൽ തനിച്ചെത്തിയ ആൾ പൊലീസ് കാവലുള്ള സിപിഎം ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. രണ്ടു ഡിവൈഎസ്പിമാർ ഉൾപ്പെടുന്ന പ്രത്യേക സംഘം തലകുത്തി നിന്ന് അന്വേഷിച്ചിട്ടും കോളിളക്കമുണ്ടാക്കിയ കേസിലെ പ്രതി ദുരൂഹതകൾ ഉയർത്തി കാണാമറയത്ത് തുടരുന്നു. സിഡാക്കിൻ്റെ ദൃശ്യ പരിശോധനാ ഫലത്തിൽ മാത്രമാണ് അവശേഷിക്കുന്ന പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam