പെരുന്നാള്‍ പ്രസംഗത്തിനിടെ മുസ്ലിം വിരുദ്ധ പരാമര്‍ശം; വൈദികനെതിരെ പൊലീസ് കേസ്

By Web TeamFirst Published Jan 27, 2022, 5:02 PM IST
Highlights

എറണാകുളത്ത് ജ്യൂസ് കട ചെയിനിലൂടെ പെണ്‍കുട്ടികളെ ചതിക്കുന്നതായും വൈദികന്‍ പറയുന്നു. ഹിറായിലെ ദര്‍ശനത്തിന് ശേഷമാണ് പ്രവാചകന് ബുദ്ധിമറഞ്ഞ് പോവുന്നതെന്നും ഫാദര്‍ ആന്‍റണി തറക്കടവില്‍ പെരുന്നാള്‍ പ്രസംഗത്തിനിടെ പറയുന്നുണ്ട്,

ഇരിട്ടി മണിക്കടവ് സെന്‍റ് തോമസ് പള്ളിയിലെ പെരുന്നാള്‍ പ്രസംഗവുമായി ബന്ധപ്പെട്ട് വൈദികനെതിരെ (Case against Catholic priest) പൊലീസ് കേസ്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ ഉണ്ടാകുന്ന രീതിയില്‍ പ്രചാരണം (Hate speech) നടത്തിയെന്നതിനാണ് ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദര്‍ ആന്‍റണി തറേക്കടവിലിനെതിരെ (Fr Antony Tharekadavil) കേസ് എടുത്തിരിക്കുന്നത്. പെരുന്നാള്‍ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നതിന് പിന്നാലെ ഉളിക്കല്‍ പൊലീസാണ് കേസ് എടുത്തതത്.

കേസ് അന്വേഷണം നടക്കുകയാണെന്ന് ഉളിക്കല്‍ പൊലീസ് സ്റ്റേഷന്‍ സിഐ സുധീര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. ഇരിട്ടി മണിക്കടവ് സെന്‍റ് തോമസ് പള്ളിയില്‍ ജനുവരി 23നായിരുന്നു വിവാദമായ പ്രസംഗം നടന്നത്. ഹലാല്‍ ഭക്ഷണം, ലൌ ജിഹാദ് വിഷയങ്ങള്‍ സംബന്ധിയായ പരാമര്‍ശങ്ങളാണ് കേസിന് ആസ്പദമായിരിക്കുന്നത്. ഹലാല്‍ അനുസരിച്ച് തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നത് തിന്മയാണെന്നും വൈദികന്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്. ഹലാല്‍ ഭക്ഷണം കഴിക്കുന്നത് പാപമാകുന്നത് എങ്ങനെയാണെന്നും വൈദികന് വിശദീകരിക്കുന്നുണ്ട്.

ഹിറായിലെ ദര്‍ശനത്തിന് ശേഷമാണ് പ്രവാചകന് ബുദ്ധിമറഞ്ഞുപോവുന്നതെന്നും വൈദികന്‍ പറയുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ആര്‍ക്കും വളച്ചെടുക്കാവുന്ന വസ്തുക്കളായി എറിഞ്ഞുകൊടുക്കുന്ന അവസ്ഥയാണുള്ളതെന്നും വൈദികന്‍ പ്രസംഗ മധ്യേ പറയുന്നു. മറ്റുള്ളവരുടെ ഉച്ഛിഷ്ടമോ വിസര്‍ജ്യമോ കഴിക്കേണ്ടവരല്ല നമ്മളെന്നും വൈദികന്‍ പറയുന്നുണ്ട്. എറണാകുളത്ത് ജ്യൂസ് കട ചെയിനിലൂടെ പെണ്‍കുട്ടികളെ ചതിക്കുന്നതായും പ്രസംഗ മധ്യേ വൈദികന്‍ പറയുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പ്രസംഗം പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് വൈദികന് നേരെ ഉയര്‍ന്നത് ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. വൈദികന്‍ നടത്തിയ പ്രഭാഷണത്തിലെ സത്യവിശ്വാസത്തേയപം ലൌ ജിഹാദിനേയും ഹലാല്‍ ഭക്ഷണത്തിലെ അപകടത്തേയും കുറിച്ചുള്ള പ്രസ്താവനകളെ തള്ളുന്നില്ലെന്ന് തലശ്ശേരി അതിരൂപത വിശദമാക്കി. മതസൌഹാര്‍ദ്ദത്തിന് ഹാനികരമായി വ്യാഖ്യാനിക്കപ്പെടാനും നിയമ നടപടികള്‍ക്ക് വിധേയമാകാനും ഇടയുള്ള ചുരുക്കം ചില പ്രസ്താവനകള്‍ വൈദികന‍റെ പ്രഭാഷണത്തിലുള്ളതിനാലാണ് ഇതിനോടനുബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തയ്യാറായതെന്നും അതിരൂപത വ്യക്തമാക്കി. വൈദികനെ മറയാക്കി കലാപമോ രക്ത സാക്ഷികളേയോ സൃഷ്ടിക്കാന്‍ താല്‍പര്യമുളളവരുടെ കെണിയില്‍ വീഴാനും അതിരൂപത തയ്യാറല്ല. വൈദികന് നിയമസംരക്ഷണം അടക്കമുള്ള സുരക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ അതിരൂപത ക്രമീകരിച്ചിട്ടുണ്ടെന്നും തലശ്ശേരി അതിരൂപത ജനുവരി 28ന്  പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 

click me!