
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും ജോലിക്ക് തടസ്സം നിന്നതിനും ഹോട്ടൽ ഉടമക്കും ഹോട്ടലുടമയുടെ ഭാര്യയായ നെടുമങ്ങാട് സിഡിഎസ് ചെയർപേഴ്സണെതിരെയും കേസ്.
വാളിക്കോട് പ്രവർത്തിക്കുന്ന നസീർ ഹോട്ടലിന്റെ ഉടമ നസീറുദ്ദീനെതിരെയും സിഡിഎസ് ചെയർപേഴ്സൺ
റീജയ്ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാത്ത ഹോട്ടൽ അടയ്ക്കാൻ നിർദ്ദേശം നൽകിയതിനായിരുന്നു ഉദ്യോഗസ്ഥർക്കെതിരായ മോശം പെരുമാറ്റം.
ശനിയാഴ്ച ഉച്ചയ്ക്കാണ് നെടുമങ്ങാട് വാളിക്കോട് പ്രവർത്തിക്കുന്ന നസീർ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. നെടുമങ്ങാട്, ആറ്റിങ്ങൽ സർക്കിളുകളിലെ ഭക്ഷ്യസുരക്ഷാ
ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധനയിൽ ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. ഫംഗസ് പിടിച്ച ഭക്ഷ്യോത്പന്നങ്ങളും പഴകിയ പാലും ഹോട്ടലിൽ നിന്ന് കണ്ടെടുത്തായും ഉദ്യോഗസ്ഥർ അറിയിച്ചു. ലൈസൻസ് ഇല്ലാത്ത ഹോട്ടൽ അടയ്ക്കണമെന്ന് നിർദ്ദേശിച്ചതോടെയാണ് ഹോട്ടലുടമയായ നസീറുദ്ദീൻ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞത്.
ഉദ്യോഗസ്ഥരോട് മോശം ഭാഷയിൽ സംസാരിച്ചു. ഈ സമയം ഹോട്ടലിലേക്ക് എത്തിയ നസിറുദ്ധീന്റെ ഭാര്യയും നെടുമങ്ങാട് സിഡിഎസ് ചെയർപേഴ്സണുമായ റീജയും ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നാണ് പരാതി. പുറത്ത് നിന്ന് ആളെ കൂട്ടി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഇതിന് പിന്നാലെയാണ് നെടുമങ്ങാട് പൊലീസിന് ഉദ്യോഗസ്ഥർ പരാതി നൽകിയത്. നസിറുദ്ധീനും, റീജയ്ക്കും കണ്ടാലറിയാവുന്ന ഒരാൾക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് റീജയുടെ വിശദീകരണം. നിലവിൽ ഹോട്ടൽ അടച്ചിട്ടിരിക്കുകയാണ്.