
കൊച്ചി: എറണാകുളം മഴുവന്നൂർ പഞ്ചായത്തിലെ ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ ട്വൻറി ട്വൻറി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബിനെ തടഞ്ഞതിനൊപ്പം കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനും എഎസ്ഐയെ കയ്യേറ്റം ചെയ്തതിനുമാണ് കേസ്.
സാബു ജേക്കബിനെ തടഞ്ഞതിന് സിപിഎം, കോൺഗ്രസ് പ്രാദേശിക നേതാക്കൾ അടക്കം നാല്പത് പേർക്കെതിരെയും കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് കണ്ടാലറിയാവുന്ന നാനൂറോളം പേർക്കെതിരെയും എഎസ്ഐയെ കയ്യേറ്റം ചെയ്തതിന് കണ്ടാൽ അറിയാവുന്ന നാലു പേർക്ക് എതിരെയുമാണ് കേസ് എടുത്തത്. അതിനിടെ പഞ്ചായത്തിലെ ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ സാബു എം ജേക്കബിനെ തടഞ്ഞ സംഭവത്തിൽ കോടതിയലക്ഷ്യ കേസ് നൽകും. യോഗത്തിന് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി വിധി പൊലീസ് ലംഘിച്ചെന്നാണ് പരാതി.
ഐക്കരനാട്, കന്നത്തു നാട് എന്നീ പഞ്ചായത്തുകളിൽ ആസുത്രണ സമിതി രൂപീകരണ സമയത്തും ഐക്കനാട് പഞ്ചാത്തിലെ ആസൂത്രണ സമിതി യോഗത്തിലും പ്രതിഷേധം ഉണ്ടായതിനെ തുടർന്നാണ് ട്വൻറി ട്വൻറി കോടതിയെ സമീപിച്ചത്. അതേ സമയം സംരക്ഷണം ഉറപ്പാക്കിയെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച കുന്നത്തു നാട് പഞ്ചായത്തിലെ യോഗത്തിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎം അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam