
കൊച്ചി: കൊച്ചി നഗരത്തില്‍ പുലര്‍ച്ചെ പൊലീസിന്‍റെ മയക്കുമരുന്ന് വേട്ട. വില്‍പ്പനയ്ക്ക് വേണ്ടി എംഡിഎംഎയുമായി കലൂരിലെത്തിയ യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ഇടപ്പള്ളി കുന്നംപുറം സ്വദേശി ഹാറൂൺ സുൽത്താനെയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡും പാലാരിവട്ടം പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 100 ഗ്രാമിനടുത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയും പിടിച്ചെടുത്തു. സ്‌കൂട്ടറിൽ ഒളിപ്പിച്ചാണ് ഹാറുണ്‍ സുല്‍ത്താൻ എംഡിഎംഎ കൊണ്ടുവന്നിരുന്നത്. കൂടുതൽ അളവിൽ എംഡിഎംഎ ഒന്നിച്ച് വാങ്ങി ശേഖരിച്ച് കൊച്ചിയിലെ ആവശ്യക്കാർക്ക് ചില്ലറയായി വിൽക്കുന്ന ഹാറുൺ സുല്‍ത്താൻ കൊച്ചി നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരിൽ ഒരാളാണെന്ന് പൊലീസ് പറഞ്ഞു.
മയക്ക് മരുന്ന് സൂക്ഷിച്ച് കൊണ്ടുവന്ന സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ഹാറൂണിനെ തേടി കലൂര്‍ സ്റ്റേഡിയം പരിസരത്തെത്തിയത്. ആ സമയം ചുവന്ന സ്കൂട്ടറില്‍ ഇടപാടുകാരെ തേടി ഹാറൂണ്‍ സുല്‍ത്താൻ കലൂര്‍ സ്റ്റേഡിയം പരിസരത്ത് കറങ്ങുന്നുണ്ടായിരുന്നു. പൊലീസ് മയക്കുമരുന്ന് ആവശ്യക്കാരെന്ന വ്യാജേന ഹാറൂണിനെ സമീപിച്ചതോടെ സംശയം തോന്നിയതോടെ ഹാറൂൺ ഓടി രക്ഷപെടാൻ ശ്രമിച്ചു. പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മയക്ക് മരുന്ന് വില്‍ക്കാറുണ്ടെങ്കിലും ഉപയോഗിക്കാറില്ലെന്നാണ് ഹാറൂണ്‍ സുല്‍ത്താൻ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മയക്കുമരുന്ന് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
11 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ; പൊലീസിനെ ഭയപ്പെടുത്താനായി കാറിൽ നായയും സർജിക്കൽ ബ്ലേഡും
അരൂരില്‍ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അരൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. മൊത്തം 11 ലക്ഷം വിലവരുന്ന180 ഗ്രാം എംഡിഎംഎയും 100 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇവരിൽ നിന്നും പിടികൂടിയത്. തമിഴ്‌നാട് നീലഗിരി എരുമാട് സ്റ്റെഫിന്‍ (25), കാസര്‍കോട് ഇളമച്ചി, പുറോക്കോട് മുഹമ്മദ് റസ്താന്‍ (27), കണ്ണൂര്‍, കൊഴുമല്‍ അഖില്‍ 25) എന്നിവരാണ് പിടിയിലായത്. എരമല്ലൂർ നിക്കോളാസ് ആശുപത്രിക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
വാഹനത്തിൽ ഒളിപ്പിച്ച നിലയിലും ഇവരുടെ പോക്കറ്റിലും നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. പൊലീസിന്റെയും മറ്റുളളവരുടെയും ശ്രദ്ധ മാറ്റുന്നതിനും ആരെങ്കിലും വാഹന പരിശോധനയ്ക്ക് വരികയാണെങ്കിൽ ഭയപ്പെടുത്തുന്നതിനുമായി അമേരിക്കൻ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായയെയും സർജിക്കൽ ബ്ലേഡും ഇവരുടെ വാഹനത്തിലുണ്ടായിരുന്നു.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർത്തല ഡിവൈഎസ്പി വിജയന്റെ നേത്വത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ പരിശോധനയിൽ കർണ്ണാടകയിൽ നിന്നും കാറിൽ പൂച്ചാക്കൽ ഭാഗത്ത് ചെറുകിട വിൽപ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു മയക്കുമരുന്ന്. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായവരിൽ നിന്നും ലഭിച്ച വിവരമാണ് ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട നടത്തുന്നതിന് പൊലീസിന് സഹായകമായത്. കഴിഞ്ഞ 6 മാസമായി ജില്ലാ ആന്റിനർക്കോട്ടിക് ടീം ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു.
കേരളത്തിൽ എല്ലായിടത്തും സിന്തറ്റിക് ഡ്രാക്സിന് വൻ ഡിമാന്റാണെന്ന് മനസിലാക്കിയ പ്രതികൾ ലക്ഷക്കണക്കിന് രൂപയുടെ മയക്ക് മരുന്നാണ് വിപണിയിൽ കൊണ്ടുവന്ന് വിൽപ്പന നടത്തികൊണ്ടിരുന്നത്. ഒരോ പ്രാവശ്യവും കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവർ ചിലവഴിച്ചിരുന്നത്. എംഡിഎംഎയും ഹാഷിഷ് ഓയിലും സഹിതം 11 ലക്ഷം രൂപ വില വരുന്ന മയക്ക് മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.