'വഖഫ് സംരക്ഷണ റാലി വിജയം കണ്ടു'; സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു മുസ്ലീം ലീഗ്

By Web TeamFirst Published Jul 20, 2022, 12:58 PM IST
Highlights

വിഷയത്തിൽ മുസ്‌ലിം ലീഗും മുസ്‌ലിം മത സംഘടനകളും പണ്ഡിതന്മാരും നടത്തിയ കടുത്ത പ്രതിഷേധങ്ങളുടെ ഫലമാണ് ഇപ്പോഴുണ്ടായ തീരുമാനം.  മുസ്‌ലിം ലീഗ്  കോഴിക്കോട് കടപ്പുറത്ത് നടത്തിയ വഖഫ് സംരക്ഷണ റാലിയും, തുടർന്ന് മുസ്‌ലിം ലീഗ് എംഎൽഎമാർ നിയമസഭയിൽ നടത്തിയ പോരട്ടങ്ങളും വിജയം കണ്ടിരിക്കുന്നെന്നും പാണക്കാട് തങ്ങൾ പറഞ്ഞു. 
 

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനം പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്. വഖഫ് നിയമനം പിഎസ്സിക്ക് വിട്ട നിയമ നിർമാണം ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനം സന്തോഷകരമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.

വിഷയത്തിൽ മുസ്‌ലിം ലീഗും മുസ്‌ലിം മത സംഘടനകളും പണ്ഡിതന്മാരും നടത്തിയ കടുത്ത പ്രതിഷേധങ്ങളുടെ ഫലമാണ് ഇപ്പോഴുണ്ടായ തീരുമാനം.  മുസ്‌ലിം ലീഗ്  കോഴിക്കോട് കടപ്പുറത്ത് നടത്തിയ വഖഫ് സംരക്ഷണ റാലിയും, തുടർന്ന് മുസ്‌ലിം ലീഗ് എംഎൽഎമാർ നിയമസഭയിൽ നടത്തിയ പോരട്ടങ്ങളും വിജയം കണ്ടിരിക്കുന്നു. ലീഗ് ഉൾപ്പെടെയുള്ളവരുടെ രാഷ്ട്രീയ വിജയമാണിത്. നിയമസഭയിൽ പല തവണ ലീഗ് എംഎൽഎ മാർ ശബ്ദം ഉയർത്തി.ഇത് സമുദായത്തിന്റെ വിജയമാണ്. ആർക്ക് ക്രെഡിറ്റ് കിട്ടുന്നു കിട്ടുന്നില്ല എന്നതല്ല വിഷയം. ലീഗിന്റെ ആവശ്യങ്ങൾ ഒടുവിൽ അംഗീകരിക്കപ്പെട്ടെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു.

പി കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ്, വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനം പിന്‍വലിച്ച കാര്യം  മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ലീഗിനെ പൂര്‍ണമായി തള്ളിയും മുസ്ലിം സംഘടനകളെ പിന്തുണച്ചുമാണ് മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

വഖഫ് നിയമനം നേരത്തെ സഭയിൽ ചർച്ച ചെയ്തതാണ്. അന്ന് കുഞ്ഞാലിക്കുട്ടി സഭയിൽ ഉണ്ടായിരുന്നില്ല. അന്ന് ലീഗ് ഉയർത്തിയ പ്രശ്നം നിലവിൽ ഉള്ളവരുടെ തൊഴിൽ നഷ്ടപ്പെടുമോ എന്നത് മാത്രം ആയിരുന്നു. ആ സംരക്ഷണം ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബില്ല് സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ട ഘട്ടത്തിലും ആരും പ്രശ്നം ഉന്നയിച്ചില്ല. മുസ്ലിം സംഘടനകളുമായുള്ള ചര്‍ച്ചകളിലെ പൊതുധാരണയുടെ അടിസ്ഥാനത്തില്‍  വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ട തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോവുകയാണ്.നിയമ ഭേദഗതി കൊണ്ട് വരും. പിഎസ്സി വഴി നിയമനം നടത്താൻ തുടർ നടപടി എടുത്തിട്ടില്ല. യോഗ്യരായവരെ നിയമിക്കാൻ പുതിയ സംവിധാനം ഉടൻ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗത്യന്തരമില്ലാതെയാണ് സര്‍ക്കാരിന്‍റെ പിന്മാറ്റമെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞു. വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തെ ലീഗ്, കോണ്‍ഗ്രസ് അംഗങ്ങള്‍ പലവട്ടം സഭയില്‍ എതിര്‍ത്തിരുന്നെന്നും മജീദ് പറഞ്ഞു. മുസ്ലീം സംഘടനകളെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ നോക്കിയെന്നും മജീദ് കുറ്റപ്പെടുത്തി. 

 Read Also: 'പിന്മാറ്റം ഗത്യന്തരമില്ലാതെ', മുസ്ലീം സംഘടനകളെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ നോക്കിയെന്ന് കെപിഎ മജീദ്

click me!