ജേക്കബ് തോമസിനെതിരെ ബിനാമി സ്വത്ത് കേസ് രജിസ്റ്റർ ചെയ്യുന്നതിന് ഹൈക്കോടതി സ്റ്റേ

By Web TeamFirst Published Jan 8, 2020, 3:59 PM IST
Highlights

മെയ് 31ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കം. വീണ്ടും ക്രിമിനൽ കേസിൽ പ്രതി ചേര്‍ത്താൽ സർക്കാരിന് ജേക്കബ് തോമസിനെ സസ്പെൻറ് ചെയ്യാം.

തിരുവനന്തപുരം: ബിനാമി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ജേക്കബ് തോമസിനെതിരായ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച അന്വേഷണം ഹൈക്കോടതി തടഞ്ഞു. രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്. കണ്ണൂർ സ്വദേശി സത്യൻ നരവൂരിന്റെ പരാതിയിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ജേക്കബ് തോമസ് നൽകിയ ഹർജിയിൽ ആണ് ഹൈക്കോടതിയുടെ നടപടി.

മെയ് 31ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള ക്രൈംബ്രാഞ്ചിന്‍റെ നീക്കം. പരാതിയില്‍ കേസെടുത്താൽ ജേക്കബ് തോമസിനെ വീണ്ടും സർക്കാരിന് സസ്പെൻഡ് ചെയ്യാം. അനുമതിയില്ലാതെ പുസ്തകമെഴുതിയതിനും തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിലെ അഴിമതി ആരോപണത്തിനും ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ചിന്‍റെയും വിജിലൻസിന്‍റെയും അന്വേഷണങ്ങൾ തുടരുന്നുണ്ട്. ഒന്നരവർഷത്തെ സസ്പെൻഷനും ശേഷം കോടതി ഉത്തരവോടെ അടുത്തിടെയാണ് ജേക്കബ് തോമസ് സർവ്വീസിൽ തിരിച്ചെത്തിയത്. 

കേരളത്തിനകത്തും പുറത്തും ജേക്കബ് തോമസ് ബിനാമി ഇടപാടിൽ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം വെണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ശുപാർശ. ഇതേ തുടർന്നാണ് സർക്കാർ കേസെടുക്കാൻ അനുമതി നൽകിയത്. ബിനാമി സ്വത്ത് തടയൽ നിയമപ്രകാരം കേസെടുക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കി ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി അബ്ദുൾ റഷീദ് നിയമോപദേശത്തിനായി നൽകി. ഇതിനുശേഷം കേസെടുക്കാനായി കോടതിയുടെ അനുമതി തേടും. കോടതിയുടെ അനുമതി ലഭിച്ചാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യും. 

വീണ്ടും ക്രിമിനൽ കേസിൽ പ്രതി ചേര്‍ത്താൽ സർക്കാരിന് ജേക്കബ് തോമസിനെ സസ്പെൻറ് ചെയ്യാം. അങ്ങനെയെങ്കിൽ സസ്പെൻഷൻ കാലത്തായിരിക്കും ജേക്കബ് തോമസിന്‍റെ വിരമിക്കൽ. ബിജെപി അനുകൂല നിലപാടെടുക്കുന്ന ജേക്കബ് തോമസിനെ അടുത്തിടെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യട്ടിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാനുള്ള സമിതിയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിരുന്നു.

click me!