
കൊച്ചി : കൊച്ചിയിൽ യുവാവിനെ ഇടിച്ചിട്ട ശേഷം പൊലീസ് ഉദ്യോഗസ്ഥൻ വാഹനം നിർത്താതെ പോയ സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന സാക്ഷികളിൽ നിന്നും പൊലീസ് സംഘം വിവരം തേടി. സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട കടവന്ത്ര സിഐയായ മനു രാജ് വാഹനം നിർത്താതെ മുന്നോട്ട് പോകുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ചില യുവാക്കൾ ബൈക്കിൽ പിന്നാലെയെത്തിയാണ് കടവന്ത്ര സിഐയായ മനു രാജിനെ തടഞ്ഞ് നിർത്തിയത്. ഈ സംഭവങ്ങളെല്ലാം പതിഞ്ഞ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്ത് വന്ന ശേഷം തോപ്പുംപടി പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന വ്യക്തമായതോടെയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. മട്ടാഞ്ചേരി അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
എഐ ക്യാമറ നിരീക്ഷണം: 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ്
കേസിൽ പൊലീസ് ഇന്ന് മൊഴിയെടുക്കൽ തുടങ്ങും. എസ് എച്ച് ഒ മനുരാജിനെയും കാറിന്‍റെ ഉടമസ്ഥയായ വാഹനത്തിലുണ്ടായിരുന്ന കൊച്ചി സ്വദേശി ഡോക്ടറെയും ദൃക്സാക്ഷികളിൽ നിന്നും തോപ്പുംപടി പൊലീസ് മൊഴി എടുക്കും. ഇതിന് ശേഷം കേസിൽ കൂടുതൽ വകുപ്പ് ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്ന രീതിയിൽ ഇടിച്ചിട്ടും കാർ നിർത്താതെ പോയ സിഐ മനുരാജിനെ കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിലേക്ക് സ്ഥലം മാറ്റി ഡിജിപി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ മെയ് 18 രാത്രിയിലാണ് കേസിനാസ്പദമായ അപകടം നടന്നത്. കടവന്ത്ര എസ്എച്ച്ഒയും വനിതാ ഡോക്ടര്‍ സുഹൃത്തും സഞ്ചരിച്ച കാര്‍ ഹാര്‍ബര്‍ പാലത്തില്‍ സ്കൂട്ടര്‍ യാത്രികനായ മട്ടാഞ്ചേരി സ്വദേശി വിമലിനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ കടന്നുകളയുകയായിരുന്നു. രണ്ട് കിലോമീറ്റര്‍ അകലെയാണ് കാര്‍ നിര്‍ത്തിയത്. വിവരമറഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍, എസ്എച്ച്ഓയുടെ വാഹനമാണെന്നറിഞ്ഞതോടെ സ്ഥലം വിടുകയും ചെയ്തു. പൊലീസിന്‍റെ ഒത്തുകളി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അപ്പോഴും അപകടം ഉണ്ടാക്കിയ വാഹനത്തിന്‍റെ നമ്പര്‍ മാത്രം വെച്ച് 'പ്രതി അജ്ഞാതൻ' എന്നുമാത്രം രേഖപ്പെടുത്തിയാണ് തോപ്പുംപടി പൊലീസ് കേസെടുത്തിരുന്നത്. തോപ്പുംപടി പൊലീസിന് കേസെടുക്കുന്നതിലടക്കം വീഴ്ചയുണ്ടായെന്ന് വ്യക്തമായതോടെയാണ് ഉന്നത പൊലീസ് സംഘം കേസിലെ അന്വേഷണം ഏറ്റടുക്കുകയും വാഹനമോടിച്ചത് കടവന്ത്ര എസ് എച്ച് ഒയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam